ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്രനിലപാടിനെതിരെ ആഞ്ഞടിച്ച്‌ ധനമന്ത്രി 

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്രനിലപാടിനെതിരെ ആഞ്ഞടിച്ച്‌ ധനമന്ത്രി
alternatetext

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്രനിലപാടിനെതിരെ ആഞ്ഞടിച്ച്‌ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സഹായ അഭ്യര്‍ത്ഥന നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ കടുത്ത വിവേചനമാണ് പ്രകടമാകുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളം ഇന്ത്യയിലാണ് എന്ന് കേന്ദ്രസര്‍ക്കാരിനെ ഓര്‍മിപ്പിക്കേണ്ട സാഹചര്യമാണ് ഓരോ ദിവസവും. മലയാളികളോട് ഇത്ര വൈരാഗ്യം എന്തിനാണെന്നും മന്ത്രി ചോദിച്ചു.

തങ്ങള്‍ക്ക് എന്ത് ധിക്കാരവും ഈ രാജ്യത്ത് കാണിക്കാമെന്ന അഹന്ത കലര്‍ന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നാനൂറോളം മനുഷ്യരുടെ ജീവന്‍ അപഹരിക്കുകയും നൂറിലധികം പേരെ കാണാതാവുകയും ചെയ്ത മഹാദുരന്തത്തോട് കേന്ദ്രസര്‍ക്കാര്‍ കടുത്ത നീതി നിഷേധമാണ് കാട്ടുന്നത്. വയനാടുമായി താരതമ്യം ചെയ്യുമ്ബോള്‍ വളരെ ചെറിയ ദുരന്തങ്ങള്‍ നടന്ന സംസ്ഥാനങ്ങള്‍ക്ക് പോലും വലിയ തുകകള്‍ അനുവദിച്ചു നല്‍കിയപ്പോള്‍ കേരളത്തിന് കേന്ദ്രം നല്‍കിയത് വട്ടപ്പൂജ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി വയനാട് സന്ദര്‍ശിക്കുമ്ബോള്‍ സഹായം പ്രഖ്യാപിക്കും എന്നായിരുന്നു ആദ്യം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്. സന്ദര്‍ശനം കഴിഞ്ഞ നാളുകള്‍ ഏറെയായിട്ടും ഒന്നുമുണ്ടായില്ല. കേരള ഹൈക്കോടതിക്കും ഈ വിവേചനം ബോധ്യപ്പെട്ടതിനാലാകാം സഹായ തുക എപ്പോള്‍ പ്രഖ്യാപിക്കുമെന്ന് അറിയിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചത്. ഒടുവില്‍ മാസങ്ങള്‍ക്കു ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ അവരുടെ നിലപാട് വ്യക്തമാക്കിയത്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല എന്നും കേരളത്തിന് സഹായം അനുവദിക്കില്ല എന്നും ഔദ്യോഗികമായി തന്നെ അറിയിച്ചു.

രാഷ്ട്രീയമായി തങ്ങളുടെ എതിര്‍ ചേരിയിലുള്ള സംസ്ഥാന ഗവണ്‍മെന്റുകളോട് നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിക്കുന്നത് കടുത്ത വിവേചനമാണ്. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഏറ്റവും കൊടിയ വിവേചനം നേരിടുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.