നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ഭൂചലനം; 126 മരണം

നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ഭൂചലനം; 126 മരണം
alternatetext

കാഠ്മണ്ഡു: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ 126 മരണം. 188 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ക്കു നാശമുണ്ടായി. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മരണ സംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂചലന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ലൊബുചെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. രാവിലെ ആറരയോടെയായിരുന്നു ഭൂചലനമെന്ന് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ദല്‍ഹി, ബിഹാര്‍, ആസാം, ഭാരതത്തിന്റെ വടക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പ്രകമ്ബനമുണ്ടായി. 6.8 തീവ്രതയിലായിരുന്നു പ്രകമ്ബനങ്ങള്‍. പിന്നീട് രണ്ടു തുടര്‍ചലനങ്ങളുണ്ടായി. സിസാങ് പ്രദേശത്ത് 4.7, 4.9 തീവ്രതയുള്ള ചലനങ്ങളാണുണ്ടായത്. ഇതിനു പിന്നാലെയാണ് നേപ്പാളിലെ ഭൂചലനം.

ഇനിയും തുടര്‍ചലന സാധ്യതയുള്ളതിനാല്‍ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. 2015 ഏപ്രില്‍ 25ലെ വന്‍ ഭൂചലനത്തില്‍ നേപ്പാളില്‍ കനത്ത നാശമുണ്ടായിരുന്നു. അന്ന് 9,000 പേര്‍ മരിച്ചു. 10 ലക്ഷം കെട്ടിടങ്ങള്‍ക്കു നാശവുമുണ്ടായി. ജനം ജാഗ്രത പാലിക്കണമെന്നും സുരക്ഷിത ഇടങ്ങളിലേക്കു മാറണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ദുരന്തത്തില്‍ ഭാരതം ദുഃഖം രേഖപ്പെടുത്തി. ഭൂചലനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങല്‍ക്കായും പരിക്കേറ്റവര്‍ക്കായും പ്രാര്‍ത്ഥിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം രണ്‍ധിര്‍ ജയ്‌സ്വാള്‍ എക്‌സില്‍ കുറിച്ചു.