പഴനി മുരുകൻ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്കുള്ള വിലക്ക് മദ്രാസ് ഹൈക്കോടതി ശരിവച്ചു. കൊടിമരത്തിനപ്പുറം പഴനി മുരുകൻ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശന വിലക്ക് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് ആവർത്തിച്ചു. നിരോധനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പഴനി സ്വദേശി സെന്തില്‍കുമാര്‍ എന്നയാള്‍ നല്കിയ ഹരജിയിലാണ് കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍, എച്ച്.ആര് ആന്‍ഡ് സി.ഇ വകുപ്പ്, ഹരജിക്കാര്‍ ക്ഷേത്ര ഭരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ ഈ നിര്‍ദേശം നടപ്പാക്കുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്’ കോടതി പറഞ്ഞു.
അഹിന്ദുക്കള്‍ ക്ഷേത്രങ്ങളില്‍ പ്രവേശിച്ചതായി ആരോപിക്കപ്പെടുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മധുര ബെഞ്ചിലെ ജസ്റ്റിസ് എസ്. ശ്രീമതിയുടെ ഉത്തരവ്. എല്ലാവര്ക്കും വന്ന് പോകാന്‍ ക്ഷേത്രം ഒരു ടൂറിസ്റ്റ് കേന്ദ്രമോ പിക്നിക് സ്പോട്ടോ അല്ലെന്നായിരുന്നു ജഡ്ജി പറഞ്ഞത്. ക്ഷേത്രത്തില്‍ പോകുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നത് ഹിന്ദുക്കളുടെ മൗലികാവകാശമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
‘ഏതെങ്കിലും അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ ഒരു പ്രത്യേക ദേവനെ ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അവരില്‍ നിന്നും ഒരു ഉടമ്ബടി വാങ്ങേണ്ടതുണ്ട്. അവര്‍ക്ക് ഹിന്ദു ദൈവത്തില്‍ വിശ്വാസമുണ്ടെന്നും ഹിന്ദു മതത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാന് അവര്‍ തയ്യാറാണെന്നും കൂടാതെ ക്ഷേത്ര ആചാരങ്ങള്‍ അതേ പടി അനുസരിക്കാമെന്നുമുള്ള ഉടമ്ബടി ആയിരിക്കണം അത്. അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ക്ഷേത്രം സന്ദര്‍ശിക്കാം’ കോടതി പറഞ്ഞു.
ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭക്തര്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ക്ഷേത്രഭരണ സ്ഥാപനങ്ങളാണെന്നും കോടതി പറഞ്ഞു. സാമുദായിക സൗഹാര്‍ദവും സമാധാനവും ഉറപ്പാക്കാന്‍ എല്ലാ ഹിന്ദു ക്ഷേത്രങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞ കോടതി ഈ ഉത്തരവ് പഴനി ക്ഷേത്രത്തില്‍ മാത്രമായി പരിമിതപ്പെടുത്തേണ്ടതില്ലെന്നും കോടതി പറഞ്ഞു.