സംസ്ഥാനത്ത് മഴ തുടരും. എന്നാല്‍ ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. ഇന്ന് രാത്രിവരെ കേരള തീരത്ത് കടലേറ്റത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം പുറത്തിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കടലാക്രമ സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് നേരത്തെ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റമല് ചുഴലിക്കാറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ നാശം വിതച്ചു. മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റുമൂലം കൊല്‍ക്കത്ത വിമാനത്താവളം അടച്ചു. പശ്ചിമ ബംഗാളിലെ തീരപ്രദേശത്ത് റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചു. ബംഗ്ലാദേശിലെ ഖാപുപറയ്ക്കും പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും മധ്യേയാണ് റമല് ചുഴലിക്കാറ്റ് കരതൊട്ടത്.
കൊല്‍ക്കത്ത, ഹുബ്ലി, ഹൗറ എന്നിവിടങ്ങളില്‍ കനത്ത മഴയാണ്. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. തെക്കന്‍ ബംഗാള്‍ തീരത്ത് 14 എന്‍ഡിആര്‍എഫ് സംഘങ്ങളെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്. കരസേന, നാവികസേന, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ സേനകളും ചുഴലിക്കാറ്റിനെ നേരിടാന്‍ സജ്ജമാണ്. ത്രിപുരയില്‍ സംസ്ഥാന സര്‍ക്കാര്‍ നാല് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.