എ.ഡി.എം നവീൻ ബാബുവിന്റെ മരണം;സി.ബി.ഐഅന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജി തള്ളി സുപ്രീംകോടതി 

alternatetext

ന്യൂഡല്‍ഹി: എ.ഡി.എം നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി.

എല്ലാ കേസുകളും സി.ബി.ഐക്ക് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈകോടതി തള്ളിയിരുന്നു. തുടർന്നാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് മഞ്ജുഷ ഹരജിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും മരണത്തിലേക്ക് നയിച്ച ഗൂഢാലോചന അന്വേഷിക്കണമെന്നുമായിരുന്നു കുടുംബത്തിന്‍റെ ആവശ്യം.

അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തില്‍ ഏക പ്രതിയായി കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്‍റും സി.പി.എം മുൻ ജില്ല കമ്മിറ്റിയംഗവുമായ പി.പി. ദിവ്യ മാത്രമാണുള്ളത്. ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. എ.ഡി.എമ്മിനുള്ള യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ എത്തിയ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തില്‍ മനംനൊന്താണ് നവീൻബാബു ജീവനൊടുക്കിയതെന്നും അധികാരവും പദവിയും അവർ ദുരുപയോഗം ചെയ്തെന്നും കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എ.ഡി.എമ്മിനെ അപമാനിക്കുക ലക്ഷ്യമിട്ടാണ് ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയത്. പ്രസംഗത്തിന്റെ വിഡിയോ ചിത്രീകരിക്കുന്നതിന് പ്രാദേശിക ചാനലിന്റെ വിഡിയോഗ്രാഫറെ ചുമതലപ്പെടുത്തി. സ്വന്തം ഫോണിലൂടെ ആ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. പ്രസംഗത്തിനിടെ ‘രണ്ടുദിവസത്തിനകം അറിയാമെന്ന’ പരാമർശം ഭീഷണിയാണ്. ജില്ല പഞ്ചായത്ത് പ്രസിഡന്റും കണ്ണൂരിലെ സി.പി.എമ്മിന്റെ പ്രധാനികളില്‍ ഒരാളുംകൂടിയായ ദിവ്യയുടെ പരാമർശം ഉണ്ടാക്കുന്ന പ്രത്യാഘാതത്തെ എ.ഡി.എം ഭയപ്പെട്ടു. തുടർന്നാണ് പിറ്റേന്ന് പുലർച്ചയോടെ നവീൻ താമസസ്ഥലത്ത് ജീവനൊടുക്കിയതെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.