ഡോ. പ്രിയ വര്‍ഗീസിനെ അസോസിയറ്റ് പ്രഫസറായി നിയമനം യു.ജി.സി ചട്ടം വളച്ചൊടിച്ചാണന്നുള്ള ; കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്.ഡോ. പ്രിയ വര്‍ഗീസിനെ അസോസിയറ്റ് പ്രഫസറായി നിയമിച്ചതിനെതിരായ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കണ്ണൂര്‍ സര്‍വകലാശാല നടത്തിയ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവന്നത്. അസോ. പ്രഫസറായി നിയമിക്കുന്നതിനു വേണ്ട അധ്യാപന പരിചയം കാണിക്കുന്നതിന് സ്വാശ്രയ കോളജിലെ താല്‍ക്കാലിക ജോലിയും പരിഗണിച്ചു.
സര്‍വകലാശാല രജിസ്ട്രാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇല്ലാത്ത അധ്യാപന പരിചയം കൂടി ഉള്‍പ്പെടുത്തിയത്. അധ്യാപന പരിചയത്തിന് യു.ജി.സി ഇറക്കിയ നിബന്ധനകള്‍ക്ക് വിരുദ്ധമാണ് ഈ നടപടി. യു.ജി.സി കൂടി എതിര്‍കക്ഷിയായ കേസിലാണ് സര്‍വകലാശാലയുടെ വിചിത്ര നിലപാട്. കണ്ണൂര്‍ സര്‍വകലാശാലയുടെ സ്വാശ്രയ ബി.എഡ് കേന്ദ്രത്തിലാണ് പ്രിയ വര്‍ഗീസ് താല്‍ക്കാലിക അധ്യാപികയായി ജോലിചെയ്തിരുന്നത്. സ്വാശ്രയ കോളജിലെ സ്ഥിരാധ്യാപന പരിചയംപോലും പലപ്പോഴും തള്ളുന്ന സര്‍വകലാശാലയാണ് ഇക്കാര്യത്തില്‍ അമിത താല്‍പര്യം കാണിച്ചത്.
2018ലെ യു.ജി.സി നിബന്ധന പ്രകാരം താല്‍ക്കാലിക അധ്യാപക ജോലി അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ല. സ്ഥിരാധ്യാപക നിയമനത്തിലേതുപോലുള്ള നിയമനപ്രക്രിയയും അതേ ശമ്ബളവുമുള്ള കരാര്‍ അധ്യാപകരുടെ സര്‍വിസ് പരിഗണിക്കാമെന്നാണ് യു.ജി.സി നിബന്ധന. ഇതേ നിയമനപ്രക്രിയയും ശമ്ബളവും നല്‍കാതെയാണ് സ്വാശ്രയ കോളജിലെ താല്‍ക്കാലിക അധ്യാപനമെന്ന് രേഖകള്‍ ഉണ്ടായിരിക്കെ യു.ജി.സി നിബന്ധന വളച്ചൊടിക്കുകയായിരുന്നുവെന്നാണ് ആരോപണം.