തിരുവനന്തപുരം: കഴിഞ്ഞദിവസം കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ പോലീസുകാർ വനിതാ പ്രവർത്തകയുടെ മുടിയിൽ ചവിട്ടി പിടിച്ചുകൊണ്ട് വലിച്ചിഴച്ച സംഭവത്തിൽ ഡിജിപിക്ക് വെപ്പുമുടി അയച്ചു നൽകി തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി മഹിളാ പ്രവർത്തകർ പ്രതിഷേധം അറിയിച്ചു. തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിൽ വെപ്പുമുടി പാഴ്സൽ അയക്കാൻ കൂട്ടമായി എത്തിയ യൂത്ത് കോൺഗ്രസ് മഹിള പ്രവർത്തകരെ പോലീസുകാർ തടഞ്ഞത് ചെറിയ പ്രതിഷേധത്തിന് ഇടവരുത്തി.
എന്നിരുന്നാലും പോസ്റ്റോഫീസ് ജീവനക്കാർ ഓഫീസിന് പുറത്തെത്തി പാഴ്സൽ കൈപ്പറ്റുകയും ചെയ്തു. നിലവിൽ ഉള്ളത് പ്രതീകാത്മക പ്രതിഷേധം ആണെന്നും ആവശ്യമെങ്കിൽ പ്രവർത്തകരുടെ തലമുടി മുറിച്ച് നൽകുമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയാണ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തത്. യൂത്ത് കോൺഗ്രസ് മഹിള പ്രവർത്തകർക്ക് പുറമേ കോൺഗ്രസിന്റെ വിവിധ നേതാക്കളും ഇവർക്ക് പിന്തുണയുമായി സംഭവസ്ഥലത്ത് എത്തിയിരുന്നു