മഹാകുംഭമേള; ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കുംതിരക്കും, 15 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

alternatetext

ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും അപകടം. 15 ഓളം പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരില്‍ 11 സ്ത്രീകള്‍, രണ്ട് പുരുഷന്മാർ, രണ്ട് കുട്ടികള്‍ അടക്കം ഉണ്ടെന്നാണ് വിവരം.

നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് അഗ്നിശമന സേനയും റെയില്‍വേ അധികൃതരും പൊലീസും രക്ഷാപ്രവർത്തനം നടത്തുകയാണ്.

പ്ലാറ്റ്‌ഫോം 13,14,15 എന്നിവിടങ്ങളിലാണ് തിരക്ക് അനുഭവപ്പെട്ടത്. മഹാകുംഭമേളയില്‍ പങ്കെടുക്കാനായി എത്തിയ ഭക്തരായിരുന്നു ഭൂരിഭാഗവും. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ സജ്ജീകരിച്ചിരുന്നു. ഈ ട്രെയിനുകള്‍ സ്റ്റേഷനിലേക്കെത്തിയപ്പോഴാണ് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടത്. തിക്കിലും തിരക്കിലും അകപ്പെട്ട് നിരവധി പേര് അബോധവസ്ഥയിലായി.

ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ദുഃഖം രേഖപ്പെടുത്തി. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താൻ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വെെഷ്ണവ് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ ഉടൻ അന്വേഷണം നടത്താനും ദുരന്തനിവാരണത്തിന് കൂടുതല്‍ സേനകളെ വിന്യസിക്കാനും നിർദേശം നല്‍കിയതായി ഡല്‍ഹി ലഫ്. ഗവർണർ അറിയിച്ചു.