സൈബർ ഡിവിഷൻ; കേരളാ പോലീസിന്റെ പുതിയ വിഭാഗം രൂപീകരിച്ചു, ഉദ്ഘാടനം ചൊവ്വാഴ്ച.

സൈബർ ഡിവിഷൻ; കേരളാ പോലീസിന്റെ പുതിയ വിഭാഗം രൂപീകരിച്ചു, ഉദ്ഘാടനം ചൊവ്വാഴ്ച.
alternatetext

തിരുവനന്തപുരം: കേരള പോലീസിൽ പുതുതായി രൂപവത്ക്കരിച്ച സൈബർ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വർദ്ധിച്ചുവരുന്ന സൈബർ അതിക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കേരള പോലീസിൽ പുതിയതായി രൂപീകരിക്കപ്പെട്ട സൈബർ ഡിവിഷന്റെ ഉദ്ഘാടനചടങ്ങുകൾ തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിൽ വച്ച് നടക്കും.

ആൻറണി രാജു എം.എൽ.എയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ.ഷേയ്ഖ് ദർവേഷ് സാഹിബ്, മറ്റ് മുതിർന്ന പോലീസ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുക്കും. സൈബർ ബോധവൽക്കരണത്തിനായി കേരള പോലീസ് തയ്യാറാക്കിയ ഹ്രസ്വചിത്രങ്ങളുടെ പ്രകാശനം ആൻറണി രാജു എം എൽ എ നിർവ്വഹിക്കും. സൈബർ ഓപ്പറേഷൻ ചുമതലയുള്ള ഐ.ജിയുടെ കീഴിൽ 465 പോലീസ് ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സൈബർ ഹെല്പ് ലൈൻ (1930), സൈബർ പോലീസ് സ്റ്റേഷനുകൾ , ഇൻവെസ്റ്റിഗേഷൻ ഹെൽപ്പ് ഡെസ്കുകൾ, ഗവേഷണ പഠന സംവിധാനങ്ങൾ, പരിശീലനവിഭാഗം, സൈബർ പട്രോളിങ് യൂണിറ്റുകൾ, സൈബർ ഇൻറലിജൻസ് വിഭാഗം എന്നിവയാണ് സൈബർ ഡിവിഷന്റെ ഭാഗമായി നിലവിൽ വരുന്നത്. ഇതോടെ, രാജ്യത്തിന് അകത്തും പുറത്തും കേന്ദ്രീകരിച്ച് നടക്കുന്ന ഓൺലൈൻ സൈബർ തട്ടിപ്പുകേസുകൾ വിദഗ്ധമായി അന്വേഷിക്കാൻ കേരള പോലീസിനു കഴിയും.