തിരുവനന്തപുരം: എക്സൈസിന്‍റെ ‘ഓപറേഷൻ ക്ലീൻ സ്ലേറ്റ്’ പരിശോധനയില്‍ എട്ട് ദിവസത്തിനിടെ 554 കേസുകളിലായി 1.9 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.
രാസലഹരികള്‍ക്ക് പുറമെ 113.63 കിലോ കഞ്ചാവും പിടിച്ചെടുത്തു. 570 പേർ പ്രതികളായ കേസില്‍ ഒളിവിലായിരുന്നു 26 പേർ ഉള്‍പ്പെടെ 555 പേരെ പിടികൂടി. മയക്കുമരുന്ന് കടത്തിയ 27 വാഹനങ്ങള്‍ പിടിച്ചെടുത്തു.
പരിശോധനയില്‍ 64.46 ഗ്രാം എം.ഡി.എം.എ, 25.84 ഗ്രാം മെത്താംഫിറ്റമിൻ, 39.56 ഗ്രാം ഹെറോയിൻ, 14.5 ഗ്രാം ബ്രൗണ്‍ ഷുഗർ, 12.82 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 113.63 കിലോ കഞ്ചാവ്, 14.8 കിലോ കഞ്ചാവ് കലർത്തിയ ചോക്ലേറ്റ്, 96.8 ഗ്രാം കഞ്ചാവ് കലർത്തിയ ഭാംഗ്, 29.7 ഗ്രാം ഹാഷിഷ് ഓയില്‍, 20 ഗ്രാം ചരസ് എന്നിവയാണ് പിടിച്ചത്.
10,430 ലിറ്റർ സ്പിരിറ്റ്, 931.64 ലിറ്റർ അനധികൃത വിദേശമദ്യം, 3048 ലിറ്റർ വാഷ്, 82 ലിറ്റർ ചാരായം, 289.66 കിലോ പുകയില ഉല്‍പന്നങ്ങള്‍ എന്നിവയും കണ്ടെടുത്തു. മാർച്ച് അഞ്ചുമുതല്‍ 12 വരെ 3568 പരിശോധനകള്‍ നടത്തി. പൊലീസ്, വനം, മോട്ടോർ വാഹന വകുപ്പ് എന്നിവയുമായി ചേർന്ന് 50 പരിശോധനകള്‍ നടത്തി.