കൊച്ചി: ക്രിസ്മസ്- നവവത്സര ആഘോഷങ്ങൾ അടുത്തു വരുന്ന സാഹചര്യത്തിൽ എക്സൈസ് സംഘം എറണാകുളം, കളമശ്ശേരി, കുസാറ്റ് ഭാഗങ്ങളിൽ നടത്തിയ സ്പെഷ്യൽ പരിശോധനയിൽ ലഹരിമരുന്ന് വിതരണക്കാരായ രണ്ട് ബംഗാൾ സ്വദേശികളെ പിടികൂടി.
ഇതരസംസ്ഥാന തൊഴിലാളികൾക്കും, യുവാക്കൾക്കിടയിലും ലഹരിമരുന്ന് വില്പന നടത്തിയിരുന്ന ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ അക്കാസ് അലി, റിയാജുദ്ദീൻ എന്നിവരെയാണ് 22ഗ്രാം ഹെറോയിനും, 10ഗ്രാം കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. അസ്സി.എക്സൈസ് കമ്മിഷണർ സുധീറിന് ലഭിച്ച രഹസ്യ വിവരത്തിന്റെയും, സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായാണ് എറണാകുളം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.പി.സജീവ് കുമാറിന്റെ നിർദ്ദേശമനുസരിച്ച് എക്സൈസ് ഇൻസ്പെക്ടർ പ്രമോദും സംഘവും വിവിധ ഭാഗങ്ങളിലായി പരിശോധനകൾ നടത്തിയത്.