ചേര്‍ത്തല: ആലപ്പുഴയില്‍ പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ചരക്ക് ലോറുകളില്‍ കയറിപ്പറ്റി ഡ്രൈവര്‍മാരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു കൊണ്ടിരുന്ന പ്രതിയെ പോലീസ് പിടികൂടി. ചേര്‍ത്തല സ്വദേശി ഷമീര്‍ (38) നെയാണ് ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍-എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴ-കൊല്ലം ഭാഗങ്ങളിലേക്കും തിരികെയും പോകുന്ന ചരക്ക് ലോറികളെ കൈകാണിച്ചു കയറിപ്പറ്റിയാണ് പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ് നടത്തിയത്.
തന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് ഒരു കോള്‍ ചെയ്യുന്നതിന് ഫോണ്‍ തരണമെന്നും ആവശ്യപ്പെട്ട ശേഷം ഫോണ്‍ കൈക്കലാക്കി കോള്‍ ചെയ്യാൻ എന്ന വ്യാജേന പുറത്തിറങ്ങിയശേഷം കടന്നു കളയുകയായിരുന്നു പ്രതിയുടെ രീതി. മോഷ്ടിച്ച ഫോണുകള്‍ കേരളത്തിലെ വിവിധ മൊബൈല്‍ ഷോപ്പുകളിലായി ഇയാളുടെ ഐഡി പ്രൂഫ് അടക്കം നല്‍കി വില്‍പ്പന നടത്തും.
കഴിഞ്ഞദിവസം ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ ലഭിച്ച ഒരു പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജില്ലാ പോലീസ് മേധാവി ചരിത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശാനുസരണം ചേര്‍ത്തല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ വി ബെന്നിയുടെ നേതൃത്വത്തില്‍ ചേര്‍ത്തല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടര്‍ എസ് എച്ച് ഒ ബി വിനോദ് കുമാര്‍, സബ് ഇൻസ്പെക്ടര്‍ വി ജെ ആന്റണി, ആര്‍ എല്‍ മഹേഷ്, സീനിയര്‍ സിപിഒ മാരായ ഗിരീഷ്, അരുണ്‍കുമാര്‍, പ്രവീഷ്, അനീഷ്, കിഷോര്‍ ചന്ത്, സുനില്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്