കേന്ദ്രം അവഗണിച്ച ഗ്ലോബല്‍ സിറ്റി പദ്ധതിയുമായി മുന്നോട്ട് പോകാൻ സംസ്ഥാന സര്‍ക്കാര്‍

alternatetext

കേന്ദ്രസർക്കാർ അവഗണിച്ച ഗ്ലോബല്‍ സിറ്റി പദ്ധതിയുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാർ. അയ്യമ്ബുഴയില്‍ നടന്ന ഭൂവുടമകളുടെ യോഗത്തിലാണ് മന്ത്രി പി രാജീവ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

അതേസമയം കേന്ദ്ര സർക്കാർ പിൻമാറ്റം മൂലം സംസ്ഥാനത്തിന് പദ്ധതി അധിക ബാധ്യതയുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി വിഭാവനം ചെയ്ത അങ്കമാലി അയ്യമ്ബുഴയിലെ ഗ്ലോബല്‍ സിറ്റി പദ്ധതിയില്‍ നിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങിയെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം.

പദ്ധതിക്ക് അംഗീകാരം തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍ ഈ പദ്ധതിയും വ്യവസായ ഇടനാഴിയുടെ ഭാഗമായി അനുവദിക്കാനാവില്ല എന്ന് കേന്ദ്രസർക്കാർ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സർക്കാർ സ്വന്തം നിലയില്‍ പദ്ധതിയുമായി മുന്നോട്ടുപോകേണ്ട സ്ഥിതി വന്നത്. ലാഭകരമായി ഗ്ലോബല്‍ സിറ്റിയെ മാറ്റാൻ എങ്ങനെ സാധിക്കുമെന്നാണ് സർക്കാർ പരിശോധിക്കുന്നത്. ഇതിനായി ജില്ലാ കളക്ടർ, എം എല്‍ എ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരുള്‍പ്പെട്ട സമിതിക്ക് രൂപം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.