സി.ബി.എസ്.ഇ. പത്താം ക്ലാസ് വാര്‍ഷിക പരീക്ഷ ഇനി രണ്ട് തവണ

സി.ബി.എസ്.ഇ. പത്താം ക്ലാസ് വാര്‍ഷിക പരീക്ഷ ഇനി രണ്ട് തവണ
alternatetext

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ ഇനി മുതല്‍ രണ്ട് തവണ. 2026- 27 അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. 2027 ല്‍ നടക്കുന്ന പത്താം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരിയിലും മേയിലും നടത്താനുള്ള തീരുമാനത്തിന്റെ കരട് പൂര്‍ത്തിയായി. പുതിയ രീതി അനുസരിച്ച്‌ രണ്ട് തവണയും പരീക്ഷകള്‍ എഴുതാനും അവയില്‍ ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാനും വിദ്യാര്‍ത്ഥിക്ക് അവസരമുണ്ടാകും. ഒരു വര്‍ഷത്തിലേറെക്കാലമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ മേല്‍നോട്ടത്തില്‍ പരീക്ഷാ പരിഷ്‌കരണത്തിന്റെ കരട് കഴിഞ്ഞ തിങ്കളാഴ്ച തയ്യാറാക്കിയത്.

നാല് മാതൃകകളാണ് പരിഗണനയിലുണ്ടായിരുന്നത്. ആറുമാസം വീതമുള്ള സെമസ്റ്റര്‍ രീതി, മോഡുലാര്‍ പരീക്ഷകള്‍, രണ്ട് പരീക്ഷകള്‍, ഡിമാന്‍ഡ് അധിഷ്ഠിത പരീക്ഷ എന്നീ നാലു മാതൃകകളാണ് പരീക്ഷാപരിഷ്‌ക്കരണത്തിനായി പരിഗണിച്ചിരുന്നത്. ചര്‍ച്ചകളുടെ ആദ്യ ഘട്ടത്തില്‍ തന്നെ സെമസ്റ്റര്‍ അധിഷ്ഠിതവും മോഡുലാര്‍ പരീക്ഷകളും ഒഴിവാക്കപ്പെട്ടു. വര്‍ഷത്തില്‍ രണ്ട് പരീക്ഷകള്‍ എന്നതും മോഡുലാര്‍ പരീക്ഷയുമാണ് പരിഗണനയിലുണ്ടായിരുന്നത്. ഇതില്‍ നിന്നാണ് രണ്ട് പരീക്ഷകളില്‍ എത്തിച്ചേര്‍ന്നത്. വാര്‍ഷിക പരീക്ഷകള്‍ തമ്മില്‍ രണ്ടു മാസത്തെ ഇടവേളയുണ്ട്. പ്ലസ് വണ്‍ കോഴ്സ് പ്രവേശനം ജൂണില്‍ ആരംഭിക്കുമെന്നതിനാല്‍ പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും അതിന് മുമ്ബ് പൂര്‍ത്തിയാക്കും വിധത്തിലാണ് കരടില്‍ നിര്‍ദേശങ്ങളുള്ളത്.

പുതിയ രീതി അനുസരിച്ച്‌ ഒരു വിദ്യാര്‍ത്ഥിക്ക് ഫെബ്രുവരിയിലെ പരീക്ഷയില്‍ കുറഞ്ഞ മാര്‍ക് ലഭിക്കുകയാണെങ്കില്‍ ആ വിദ്യാര്‍ത്ഥിക്ക് മേയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചാല്‍ അത് രേഖപ്പെടുത്തും. മേയില്‍ കൂടുതല്‍ മാര്‍ക്ക്് ലഭിച്ചില്ലെങ്കില്‍ ഫെബ്രുവരിയിലെ മാര്‍ക്ക്്് ആണ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുക. രണ്ടാമത്തെ പരീക്ഷയില്‍ തൃപ്തനല്ലെങ്കില്‍ ആദ്യത്തെ മാര്‍ക് മതിയെന്നുള്ള തീരുമാനമെടുക്കാനും വിദ്യാര്‍ത്ഥിക്ക് അവകാശമുണ്ടായിരിക്കും. കൂടാതെ പരീക്ഷകള്‍ തമ്മിലുള്ള ഇടവേള കുറഞ്ഞത് ഒരു ദിവസമെങ്കിലും ഉണ്ടാവും. പരീക്ഷകളുടെ നടത്തിപ്പ് കാലാവധി നീണ്ടുപോകാതിരിക്കാനാണിത്