ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കും വരെ പോരാടുമെന്ന് സാക്ഷി മാലിക്

ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കും വരെ പോരാടുമെന്ന് സാക്ഷി മാലിക്
alternatetext

ദില്ലി: ബ്രിജ്ഭൂഷണെതിരെ കുറ്റം ചുമത്തിയ കോടതി നടപടി പ്രതികരണവുമായി ഗുസ്തി താരം സാക്ഷി മാലിക്ക്. നടപടി ഞങ്ങളുടെ പോരാട്ടത്തിന്റെ അടുത്ത ചുവടാണ്. ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കുന്നത് വരെ പോരാടും എന്നും സാക്ഷി പറഞ്ഞു. നടപടി മൂലം ഫെഡറേഷനിലെ ലൈംഗിക ചൂഷണം അവസാനിക്കുമെന്നാണ് പ്രതീക്ഷ. ഇരകളായവർ അനുഭവിച്ചത് നാളെ വരുന്ന പെണ്‍കുട്ടികള്‍ അനുഭവിക്കരുതെന്നും സാക്ഷി മാലിക്ക് പറഞ്ഞു.

വനിതാ ഗുസ്തി താരങ്ങളുടെ പരാതിയില്‍ മുൻ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായ ബ്രിജ്ഭൂഷണ്‍ സിംഗിനെതിരെ ദില്ലി റൌസ് അവന്യൂ കോടതി കുറ്റം ചുമത്തിയിരുന്നു. മതിയായ രേഖകളുണ്ടെന്ന് വിലയിരുത്തിയായിരുന്നു നടപടി. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം, കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ബ്രിജ്ഭൂഷണോടൊപ്പം മുൻ ദേശീയ ഗുസ്തി ഫെഡറേഷൻ സെക്രട്ടറി വിനോദ് തോമറിനെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകളാണ് തോമറിന് എതിരെ ചുമത്തിയിരിക്കുന്നത്. ആറ് വനിത ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ കോടതിയെ സമീപിച്ചത്.

കുറ്റാരോപിതനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഐപിസി സെക്ഷൻ 354, 354 എ (ലൈംഗിക പീഡനം) എന്നിവ പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങള്‍ ചുമത്താൻ മതിയായ രേഖകളുണ്ടെന്ന് കോടതി വ്യക്തമാക്കി. രണ്ട് ഗുസ്തിക്കാരുടെ പരാതിയില്‍ ഐപിസി സെക്ഷൻ 506(1) പ്രകാരം ശിക്ഷാർഹമായ കുറ്റം ചുമത്താനുംം സിംഗിനെതിരെ മതിയായ രേഖകള്‍ ജഡ്ജി പ്രിയങ്ക രാജ്പൂത് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.