ഗുജറാത്ത് കലാപക്കേസിലെ ഇര ബില്‍ക്കിസ് ബാനുവിന് രാജ്യത്തെ പരമോന്നത കോടതി നല്‍കിയ നീതി ചരിത്രവിധിയായി. 11 കുറ്റവാളികള്‍ക്കും ശിക്ഷായിളവ് നല്‍കി മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയെ അതിരൂക്ഷമായ വിമര്‍ശനത്തോടെയാണ് സുപ്രീംകോടതി റദ്ദാക്കിയത്.
ബില്‍ക്കിസിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും, മൂന്നര വയസുള്ള കുഞ്ഞിനെ അടക്കം ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികള്‍ രണ്ടാഴ്ചയ്ക്കകം ജയിലില്‍ കീഴടങ്ങണം. ജീവപര്യന്തമായിരുന്നു ഇവരുടെ ശിക്ഷ. 2022ലെ സ്വാതന്ത്ര്യദിനത്തിലാണ് വിട്ടയയച്ചത്.
ഗുജറാത്ത് സര്‍ക്കാരിന്റെ നടപടികള്‍ അധികാരം കവര്‍ന്നെടുക്കുന്നതിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും ഉത്തമ ഉദാഹരണമാണ്. കുറ്റവാളികള്‍ക്ക് ഇളവു നല്‍കുകവഴി നിയമവാഴ്ച ലംഘിക്കുന്നത് വ്യക്തമാക്കുന്ന ക്ലാസിക് കേസാണിതെന്നും കോടതി നിരീക്ഷിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ കുറ്റവാളികള്‍ക്കൊപ്പം ഒത്തുകളിച്ചു. വിചാരണ നടന്നത് മഹാരാഷ്ട്രയിലായതിനാല്‍ ശിക്ഷായിളവില്‍ തീരുമാനമെടുക്കാൻ ആ സംസ്ഥാനത്തിനാണ് അധികാരം.
നിയമവാഴ്ച ഉയര്‍ത്തിപിടിക്കുന്നതില്‍ കോടതി വഴിവിളക്കായി മാറേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ഉജ്ജല്‍ ഭുയാനും അടങ്ങിയ ബെഞ്ച് വിധിയെഴുതി. അതിജീവിതയുടെ അടക്കം പൊതുതാത്പര്യഹര്‍ജികളിലാണ് നടപടി.
പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാരിന്‍റെ ഇളവ് സുപ്രീംകോടതി റദ്ദാക്കിയതോടെ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ സര്‍ക്കാരിന്‍റെ പ്രവൃത്തിക്കാണ് സുപ്രീംകോടതിയില്‍നിന്നു തിരിച്ചടിയേറ്റത്. വിചാരണയടക്കം നടന്നത് മഹാരാഷ്‌ട്രയിലാണെന്നിരിക്കെ ഗുജറാത്ത് സര്‍ക്കാരിന് ഇക്കാര്യത്തില്‍ നടപടിയെടുക്കാനാകില്ല. കേസിലെ 11 പ്രതികളെയും മഹാരാഷ്‌ട്ര കോടതി ശിക്ഷിച്ചതാണ്. ഇവരെ വിട്ടയയ്ക്കാൻ ഗുജറാത്ത് സര്‍ക്കാരിന് അധികാരവുമില്ല. ഇല്ലാത്ത അധികാരം അവര്‍ പ്രയോഗിക്കുകയായിരുന്നു.