ബോബി ചെമ്മണ്ണൂരിനെതിരായ നിയമനടപടി സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്ക് ശക്തമായ താക്കീതാണ്’: മന്ത്രി വീണ ജോര്‍ജ്

ബോബി ചെമ്മണ്ണൂരിനെതിരായ നിയമനടപടി സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്ക് ശക്തമായ താക്കീതാണ്': മന്ത്രി വീണ ജോര്‍ജ്
alternatetext

കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ ഇന്നലെയാണ് വ്യവസായ പ്രമുഖനായ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്. പരാതി സ്വീകരിച്ച്‌ അതിവേഗത്തില്‍ നടപടി എടുത്ത സര്‍ക്കാരിനും പൊലീസിനും അഭനന്ദനമാണ് വരുന്നത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബോബി ചെമ്മണൂരിനെതിരായ നിയമനടപടി സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കും അപമാനിക്കുന്നവര്‍ക്കും സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്കുമുള്ള ശക്തമായ താക്കീതാണെന്ന് വീണ ജോര്‍ജ് പറഞ്ഞു.

ഇങ്ങനെയുള്ളവര്‍ക്കെതിരെ മുഖം നോക്കാതെ നിയമ നടപടി സ്വീകരിക്കും. ശക്തമായ നിലപാട് സ്വീകരിക്കുകയും നിയമത്തിന്റെ വഴി തേടുകയും ചെയ്ത ചലച്ചിത്ര താരത്തിന്റെ നടപടി ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു. പരാതിയില്‍ ഉടന്‍ നടപടി എടുത്ത മുഖ്യമന്ത്രി പിണറായി വിജയനും കേരള പൊലീസിനും നടി ഹണി റോസ് നന്ദിയറിയിച്ചിരുന്നു.

തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നടി സര്‍ക്കാരിനും കേരള പൊലീസിനും നന്ദി അറിയിച്ചത്. തനിയ്ക്കു നേരെ ബോബി ചെമ്മണ്ണൂര്‍ നിരന്തരം ലൈംഗികാധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹണി റോസ് പരാതി നല്‍കി 24 മണിക്കൂര്‍ തികയും മുമ്ബാണ് പോലീസ് കര്‍ശന നടപടിയിലേയ്ക്ക് കടന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ 75-ാം വകുപ്പിലെ വിവിധ ഉപവകുപ്പുകള്‍ പ്രകാരവും സാമൂഹ്യ മാധ്യമങ്ങള്‍ വഴി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി അപമാനിച്ചതിന് ഐടി ആക്ടിലെ 67ാം വകുപ്പും ഉള്‍പ്പടെ ജാമ്യമില്ലാ കുറ്റങ്ങളാണ് ബോബിക്കെതിരെ ചുമത്തിയിരിക്കുന്നത്.