ഭൂപരിഷ്‌കരണം സമഗ്രമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റവന്യൂ-ഭവന നിര്‍മാണവകുപ്പു മന്ത്രി കെ. രാജൻ

ഭൂപരിഷ്‌കരണം സമഗ്രമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റവന്യൂ-ഭവന നിര്‍മാണവകുപ്പു മന്ത്രി കെ. രാജൻ
alternatetext

ഭൂപരിഷ്‌കരണം സമഗ്രമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റവന്യൂ-ഭവന നിര്‍മാണവകുപ്പു മന്ത്രി കെ. രാജൻ. കേരളീയത്തിന്റെ ഭാഗമായി സെൻട്രല്‍ സ്്റ്റേഡിയത്തില്‍ നടന്ന ‘കേരളത്തിലെ ഭൂപരിഷ്‌കരണം’- സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്‌കരണം എന്ന ആശയത്തെ കൂടുതല്‍ കരുത്തോടെ കേരളത്തില്‍ നടപ്പാക്കണം. 1966 ലെ ഭൂപരിഷ്‌കരണ നിയമത്തിന്റെ തുടര്‍ച്ചയായി ആരംഭിച്ചതാണ് റീസര്‍വേ നടപടികള്‍. 55 % സ്ഥലങ്ങള്‍ മാത്രമാണ് റീസര്‍വേയിലൂടെ അടയാളപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് 858 കോടി 57 ലക്ഷം രൂപ ചെലവഴിച്ച്‌ റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി നാലുവര്‍ഷത്തിനുള്ളില്‍ സമ്ബൂര്‍ണ ഡിജിറ്റല്‍ സര്‍വ്വേ നടത്താൻ തീരുമാനിച്ചത്.

കേരളത്തിലെ 1550 വില്ലേജുകളില്‍ കേരളത്തെ ഡിജിറ്റലായി അളക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ ആദ്യമായി എന്റെ ഭൂമി എന്ന പേരില്‍ ഒരു ഇന്റഗ്രെറ്റഡ് പോര്‍ട്ടല്‍ നിലവില്‍ വന്നു. റവന്യൂ, രജിസ്ടേഷൻ, റവന്യൂ, സര്‍വ്വേ വകുപ്പുകളെ സംയോജിപ്പിച്ചാണിത്. ആദ്യ ഘട്ടത്തില്‍ 15 വില്ലേജുകളില്‍ ഈ നവംബര്‍ മാസത്തില്‍ തന്നെ എന്റെ ഭൂമി സംവിധാനം നിലവില്‍ വരും.

ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാകുന്നതോടെ എല്ലാ സര്‍വേ രേഖകളും ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ വാലിയും നിലവില്‍ വരും. ഐക്യ കേരളത്തില്‍ ആദ്യമായി ഈ സര്‍ക്കാര്‍ സെറ്റില്‍മെന്റ് ആക്‌ട് നടപ്പാക്കും. പല തണ്ടപ്പേരുകളില്‍ ഭൂമി സംഭരിച്ച്‌ ഭൂപരിഷ്‌കരണത്തെ വെല്ലുവിളിക്കുന്നതിനെതിരേ യൂണീക് തണ്ടപ്പേര്‍ സംവിധാനവും നിലവില്‍ വരും. കേന്ദ്ര ഐടി വകുപ്പിന്റെ അനുമതിയോടെ യുണീക്ക് തണ്ടപ്പേരും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. ലാൻഡ് ട്രിബ്യൂണല്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിന് നാല് സോണുകളാക്കി തിരിച്ച്‌ നടപടികള്‍ പുരോഗമിക്കുകയാണ്.

ആറു മാസത്തിനകം 336 ഹെക്ടര്‍ ഭൂമി ഈ വിഭാഗത്തില്‍ തിരിച്ചു പിടിച്ചു. 40,000 കേസുകളാണ് അവശേഷിക്കുന്നത്. ഇത് 2024 ല്‍ തീര്‍പ്പാക്കും. തോട്ട ഭൂമിയുടെ അവകാശം സംബന്ധിച്ച കേസുകളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. മുഴുവൻ പേരെയും ഭൂമിയുടെ അവകാശികളാക്കുക എന്ന ദൗത്യം സര്‍ക്കാര്‍ നിറവേറ്റുമെന്നും മന്ത്രി പറഞ്ഞു.

റവന്യൂ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, വിഷയാവതരണം നടത്തി. ബിനോയ് വിശ്വം എം.പി., മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ. ബാലൻ, മുൻ എം.എല്‍ എ പ്രകാശ് ബാബു, സര്‍വേ സെറ്റില്‍മെന്റ് ആൻഡ് ലാൻഡ് റെക്കോഡ്സ് മുൻ കമ്മീഷണര്‍ വിനോദ് കെ. അഗര്‍വാള്‍, ഭൂരേഖ ഡയറക്ടര്‍ സീറാം സാംബശിവറാവു എന്നിവര്‍ സെമിനാര്‍ നയിച്ചു. അഡ്വ. കാളീശ്വരം രാജ് വീഡിയോ സന്ദേശം വഴി വിഷയം അവതരിപ്പിച്ചു. ഐഎല്‍ഡിഎം എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ. ഗീതയും സെമിനാറില്‍ പങ്കെടുത്തു