അഭിഭാഷകര്‍ക്കെതിരായ കേസും പൊലീസ് പെരുമാറ്റവും: ഹൈകോടതി സര്‍ക്കാറിന്‍റെ വിശദീകരണം തേടി

അഭിഭാഷകര്‍ക്കെതിരായ കേസും പൊലീസ് പെരുമാറ്റവും: ഹൈകോടതി സര്‍ക്കാറിന്‍റെ വിശദീകരണം തേടി
alternatetext

കൊച്ചി: അഭിഭാഷകർക്കതിരെ കേസെടുക്കലും അവരോടുള്ള പൊലീസ് ഇടപെടലും സംബന്ധിച്ച്‌ മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന ഹരജിയില്‍ ഹൈകോടതി സർക്കാറിന്‍റെയടക്കം വിശദീകരണം തേടി. ഈ ആവശ്യവുമായി കേരള ഹൈകോടതി അഡ്വക്കറ്റ്സ് അസോസിയേഷൻ നല്‍കിയ ഹരജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാറിനും സംസ്ഥാന പൊലീസ് മേധാവിക്കും നിയമസെക്രട്ടറിക്കും നോട്ടീസ് ഉത്തരവായി.

പാലക്കാട്ട് ആക്വിബ് സുഹൈല്‍ എന്ന അഭിഭാഷകനെ പൊലീസ് ഇൻസ്പെക്ടർ അധിക്ഷേപിച്ചത് സംബന്ധിച്ച കോടതിയലക്ഷ്യ ഹരജിക്കൊപ്പം ഫെബ്രുവരി ആറിന് ഈ ഹരജിയും പരിഗണിക്കും. കോടതികള്‍ മുമ്ബ് പല നിർദേശങ്ങളും നല്‍കിയിട്ടുണ്ടെങ്കിലും അഭിഭാഷകർക്കെതിരായ പൊലീസ് അതിക്രമങ്ങളും കള്ളക്കേസുകളും വർധിക്കുന്നതായി ഹരജിയില്‍ പറയുന്നു.

നിയമനിർവഹണത്തിന്‍റെ ഭാഗമായ അഭിഭാഷകരുടെ ജോലിയെ ബാധിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍. മാർഗനിർദേശങ്ങള്‍ തയാറാക്കാനും കോടതിയെ സഹായിക്കാനുമായി ബന്ധപ്പെട്ട വിഭാഗങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി രൂപവത്കരിക്കണമെന്നും അഭിഭാഷകർക്കെതിരെ മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതികള്‍ തീർപ്പാക്കാൻ ഫാസ്റ്റ് ട്രാക് സംവിധാനം വേണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.