കോതമംഗലം: രാമല്ലൂർ കരിങ്ങഴയിലാണ് അയൽവാസിയുടെ ആസിഡാക്രമണത്തിൽ അമ്മക്കും, മകനും പരിക്കേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിൽ വീടിന്റെ ഇറയത്ത് സംസാരിച്ചു കൊണ്ടിരുന്ന രമണിയുടെയും, മകൻ അനന്തുവിന്റെയും സമീപത്തേക്ക് അയൽവാസിയായ റെജി ബഹളമുണ്ടാക്കി ചെല്ലുകയും, വഴക്കിനിടയിൽ വീട്ടിലേക്ക് പോയ റെജി കന്നാസിൽ സൂക്ഷിച്ചിരുന്ന ആസിഡുമായി തിരികെയെത്തി അനന്തുവിന്റെ ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു.
തടയുവാൻ ചെന്ന രമണിയുടെ ശരീരത്തിലും ആസിഡ് തെറിച്ചു വീണു പരിക്കേറ്റു. സാരമായി പരിക്കേറ്റ അനന്തു ചികിത്സയിലാണ്. പല കേസുകളിലും പ്രതിയായിട്ടുള്ള റെജി സ്വർണപ്പണിക്കാരൻ ആയതിനാലാണ് ആസിഡ് സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ റെജിയെ റിമാൻഡ് ചെയ്തു