ആറ്റുകാല്‍ പൊങ്കാല;പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങള്‍ ഭക്തരെയും നാട്ടുകാരെയും വലച്ചതായി പരാതി

ആറ്റുകാല്‍ പൊങ്കാല;പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങള്‍ ഭക്തരെയും നാട്ടുകാരെയും വലച്ചതായി പരാതി
alternatetext

ആറ്റുകാൽ പൊങ്കാല ദിനത്തിൽ ക്ഷേത്രപരിസരത്തും നഗരത്തിലുമുണ്ടായ പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങൾ ഭക്തരെയും നാട്ടുകാരെയും വലച്ചതായി പരാതി. മുൻവർഷങ്ങളിലില്ലാത്ത തരത്തിലുള്ള പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നാണ് ആക്ഷേപം. പല അവസരങ്ങളിലും പ്രകോപനമുണ്ടാക്കുന്ന തരത്തിൽ തുടർച്ചയായി പൊലീസ് പ്രവർത്തിച്ചിട്ടും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെടുകയോ ഇവരെ തടയാൻ ശ്രമിക്കുകയോ ചെയ്തില്ല. ആറ്റുകാലിലും പരിസര പ്രദേശങ്ങളിലെ റോഡുകളിലും മുമ്ബെങ്ങുമില്ലാത്ത നിയന്ത്രണങ്ങളാണ് സിറ്റി പൊലീസ് കൊണ്ടുവന്നത്. മുൻപരിചയമില്ലാതെയുള്ള ഉദ്യോഗസ്ഥരുടെ പുതിയ ക്രമീകരണങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് ആരോപണം.

അനാവശ്യ ബാരിക്കേഡുകളും ഗതാഗതം തടയലും പലപ്പോഴും ഭക്തരും പൊലീസുമായുള്ള തർക്കങ്ങളിലേക്കെത്തിയിരുന്നു. പൊങ്കാല കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്ക് വെള്ളം നൽകിയവർക്കു നേരെ പോലും പൊലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റമുണ്ടായെന്നാണ് പറയുന്നത്. ഭക്തർക്കും നാട്ടുകാർക്കും നേരെ കൈയേറ്റം, ലാത്തിച്ചാർജ്ജ്, അസഭ്യം പറയൽ എന്നിവ പൊങ്കാല ഉത്സവം തുടങ്ങിയ ദിവസം മുതൽ തന്നെയുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള ശ്രമം.പൊങ്കാലയ്ക്കായി മുൻപരിചയമുള്ള ഉദ്യോഗസ്ഥരെ മാറ്റിനിറുത്തി പൊലീസ് ക്യാമ്ബുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് പ്രധാന പോയിന്റുകളിലും നിയോഗിച്ചത്. പൊങ്കാലദിവസമടക്കം പൊലീസ് ഉന്നതർക്ക് വേണ്ടപ്പെട്ടവർക്ക് മാത്രമായിരുന്നു വി.ഐ.പി വഴികളിലൂടെ തലങ്ങും വിലങ്ങും പോകാൻ അവകാശമുണ്ടായിരുന്നത്.

പൊങ്കാല ദിനത്തിൽ മാദ്ധ്യമ പ്രവർത്തകരടക്കമുള്ളവരെ ക്ഷേത്രചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിൽ പോലും കയറ്റിവിടാതെ പൊലീസ് തടഞ്ഞു. കഴിഞ്ഞ ദിവസം ക്ഷേത്രപ്പറമ്ബിൽ നൃത്തം ചെയ്ത യുവാക്കൾക്കു നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് ഒരുസംഘം പൊലീസുകാർ ലാത്തിവീശിയത്. ഇതിന്റെ ദൃശ്യം ചിത്രീകരിക്കാൻ ശ്രമിച്ചവരെയും പൊലീസ് തല്ലിയതായി പരാതിയുണ്ട്.