ആൻഡമാൻ കടലില്‍ രൂപപ്പെടുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്.

rain
alternatetext

തിരുവനന്തപുരം: ആൻഡമാൻ കടലില്‍ രൂപപ്പെടുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ചയോടെയാണ് ന്യൂനമർദ്ദം രൂപപ്പെടുന്നത്. ഈ ന്യൂനമർദ്ദം മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി മാറുകയും ഒഡീഷ-ബംഗാള്‍ തീരത്തേക്ക് നീങ്ങുകയും ചെയ്യും. ദന എന്നാണ് ഈ ചുഴലിക്കാറ്റിനിട്ടിരിക്കുന്ന പേര്.

അതേസമയം, കേരളത്തില്‍ തുലാവര്‍ഷത്തോട് അനുബന്ധിച്ചുള്ള മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 23 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. മധ്യ ആൻഡമാൻ കടലിന് മുകളില്‍ ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തില്‍ അടുത്ത ഒരാഴ്ച നേരിയ / ഇടത്തരം മഴയ്ക്കാണ് സാധ്യതയുള്ളത്.

ഇന്ന് കേരളത്തില്‍ പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 22ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്