കൊല്ലം: ഓയൂര്‍ ഓട്ടുമലയില്‍നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളെ ക്രൈംബ്രാഞ്ചിന്റെ കസ്‌റ്റഡിയില്‍ വിട്ടു. ചാത്തന്നൂര്‍ മാമ്ബള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍. പത്മകുമാര്‍ (52), ഭാര്യ എം.ആര്‍. അനിതാകുമാരി (45), മകള്‍ പി. അനുപമ (20) എന്നിവരാണു കേസിലെ പ്രതികള്‍. ഇന്നലെ ഇവരെ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് മൂവരെയും കസ്‌റ്റഡിയില്‍ വിട്ടത്. തമിഴ്‌നാട്ടിലടക്കം തെളിവെടുപ്പ് നടത്തേണ്ടതിനാല്‍ ഏഴുദിവസത്തെ കസ്‌റ്റഡിയാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്രയും ദിവസം കസ്‌റ്റഡിയില്‍ വാങ്ങുന്നതിനെ പ്രതിഭാഗം എതിര്‍ത്തു. കുട്ടിയെ പാര്‍പ്പിച്ചത് ചാത്തന്നൂരിലെ വീട്ടിലാണ്. കൊട്ടാരക്കരയില്‍നിന്നു ചാത്തന്നൂരിലേക്ക് 20 മിനിറ്റ് യാത്രയേയുള്ളൂ. കുട്ടിയെ കൊണ്ടുപോയ കാര്‍ ചാത്തന്നൂരിലുണ്ട്. പ്രതികളുടെ വസ്‌ത്രമൊഴികെ എല്ലാം അന്വേഷണസംഘത്തിന്റെ പക്കലുണ്ട്. പിന്നെയെന്തിനാണ് ഏഴുദിവസത്തെ കസ്‌റ്റഡിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. പ്രതികള്‍ വ്യാജ നമ്ബര്‍പ്ലേറ്റ് ഉപയോഗിച്ചിട്ടില്ലെന്നും പ്രതിഭാഗം പറഞ്ഞു. എന്നാല്‍ കോടതി പോലീസിന്റെ അപേക്ഷ അംഗീകരിക്കുകയായിരുന്നു.
കസ്‌റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളെ ആദ്യം കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്‌ക്കു വിധേയമാക്കി. തുടര്‍ന്ന് മൂവരെയും ക്രൈംബ്രാഞ്ച് ഓഫീസിലേക്കു കൊണ്ടുപോയി. വിശദമായ ചോദ്യംചെയ്യലിനു ശേഷം ഇന്നു വൈകിട്ടോടെ തെളിവെടുപ്പിനു കൊണ്ടുപോകും. കുട്ടിയെ തട്ടിക്കൊണ്ടുപോയ ഓയൂര്‍ കാറ്റാടിയിലും പ്രതികള്‍ സഞ്ചരിച്ച പൂയപ്പള്ളി, ചാത്തന്നൂര്‍, കൊല്ലം ആശ്രാമം മൈതാനം, തെങ്കാശി തുടങ്ങിയ സ്‌ഥലങ്ങളിലും തെളിവെടുപ്പ് നടത്തും.
റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം. ജോസിന്റെ നേതൃത്വത്തിലുള്ള പതിമൂന്നംഗ സംഘമാണ് കേസന്വേഷിക്കുന്നത്.