കർണാടകയിലെ ഷിരൂരില്‍ മലയിടിച്ചിലില്‍ കാണാതായ അർജുന്റെ ഭാര്യ കൃഷ്ണപ്രിയക്ക് വേങ്ങേരി സഹകരണ ബാങ്കില്‍ ജോലി നല്‍കും. ജൂനിയർ ക്ലാർക്ക് തസ്‌തികയിലാകും നിയമനം. ബാങ്ക് അധികൃതർ നേരിട്ടെത്തി അർജുന്റെ കുടുംബത്തെ വിവരം അറിയിച്ചു. നേരത്തെ കൃഷ്‌ണപ്രിയയ്‌ക്ക് ജോലി നല്‍കുമെന്ന് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കും അറിയിച്ചിരുന്നു. അർജുന്റെ ഭാര്യയ്‌ക്ക് ഉചിതമായ ജോലിനല്‍കാൻ സാധിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിക്കുകയായിരുന്നു.
ജൂനിയർ ക്ലാർക്ക് തസ്‌തികയില്‍ കുറയാത്ത തസ്‌തികയില്‍ നിയമിക്കുന്നതിന് അനുവാദം ലഭിക്കുന്ന പക്ഷം ബാങ്ക് തയ്യാറാണെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. അർജുന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചപ്പോള്‍ കുടുംബം നിവേദനം നല്‍കിയിരുന്നു. കോടതി നിർദേശത്തെ തുടർന്ന് തിരച്ചില്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ അറിയിപ്പൊന്നും നല്‍കിയില്ലെന്ന് മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു. ജില്ലാ കളക്ടർ സ്‌നേഹില്‍ കുമാർ ആണ് നേരിട്ടെത്തി കുടുംബത്തെ ഈ മറുപടി രേഖാമൂലം നല്‍കിയത്.
അർജുന് വേണ്ടിയുള്ള തിരച്ചില്‍ ഗംഗാവലി പുഴയില്‍ നടന്നത് നിർത്തിവച്ചിട്ട് ദിവസങ്ങളായി. മോശം കാലാവസ്ഥയായതിനാലായിരുന്നു ഇത്. എന്നാല്‍ ദൗത്യം തുടരാനാണ് കർണാടക ഹൈക്കോടതി നിർദേശിച്ചത്. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇത്തരത്തില്‍ ഉത്തരവിട്ടത്. ഇതോടെ അന്വേഷണം പുനരാരംഭിക്കാൻ തീരുമാനിച്ചെങ്കിലും എന്നാണ് തുടങ്ങുക എന്ന് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ ദിവസം ഷിരൂരില്‍ നിന്നും ഏറെദൂരെ കടലില്‍ ഒരു മൃതദേഹം കിട്ടിയെങ്കിലും മൂന്ന് ദിവസം മുൻപ് കാണാതായ മത്സ്യ തൊഴിലാളിയുടെയാണ് ശരീരമെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു.