പമ്പയാറിനെ ഹാരമണിയിച്ച് പടഹാരം പാലമൊരുങ്ങി; ഉദ്ഘാടനം ഏപ്രിലില്‍

alternatetext

ഹരിപ്പാട് : പമ്പയാറിനെ ഹാരമണിയിച്ച് പടഹാരം പാലമൊരുങ്ങി ഉദ്ഘാടനം ഏപ്രിലില്‍. പൂർത്തിയാകുന്നത് കേരളത്തിലെ ആദ്യ പാത്ത് വേ പാലം കുട്ടനാടിന്റെ വികസനത്തിനൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും പ്രാധാന്യം നൽകി തകഴി, നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പമ്പാ നദിക്ക് കുറുകെ നിർമ്മിച്ച പടഹാരം പാലം ഉദ്ഘാടനത്തിനൊരുങ്ങിയതോടെ ആലപ്പുഴയുടെ പാലപ്പെരുമക്ക് വീണ്ടും പകിട്ടേറി.

മുഴുവൻ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പൂർത്തിയാക്കി ഏപ്രിലോടെ പാലം നാടിന് സമർപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് അതിവേഗം പുരോഗമിക്കുന്നത്.
കുട്ടനാട്ടിലൂടെ കടന്നുപോകുന്ന പ്രധാന പാതകളായ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിനെയും (എ സി റോഡ്) അമ്പലപ്പുഴ- തിരുവല്ല റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനപാലം കൂടിയാണ് കരുവാറ്റ-കുപ്പപ്പുറം റോഡില്‍ സ്ഥിതിചെയ്യുന്ന പടഹാരം പാലം.

2016-17ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബി ധനസഹായത്തോടെ കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം. 63.35 കോടി രൂപയാണ് നിർമ്മാണ ചെലവ്. സമീപനപാതയുടെ വശങ്ങളിലെ അവസാനഘട്ട പണികളും പെയിൻ്റിങ് ഉൾപ്പെടെയുള്ള ജോലികളും മാത്രമാണ് ബാക്കിയുള്ളത്. 453 മീറ്ററാണ് പാലത്തിന്റെ ദൈര്‍ഘ്യം. 45 മീറ്റർ നീളമുള്ള മൂന്ന് സെൻ്റർ സ്പാനുകളും 35 മീറ്റർ നീളമുള്ള ആറ് സ്പാനുകളും 12 മീറ്റർ നീളമുള്ള ഒൻപത് സ്പാനുകളുമാണ് പാലത്തിനുള്ളത്.

കുട്ടനാടിൻ്റെ ജീവനാഡിയാകാൻ ഒരുങ്ങുന്ന പാലം രൂപകൽപ്പനയുടെ പ്രത്യേകതകൾ കൊണ്ടും ഏറെ ശ്രദ്ധേയമാണ്. സാധാരണ പാലങ്ങളുടേതില്‍ നിന്ന് നിന്ന് വ്യത്യസ്തമായി 7.5 മീറ്റർ വീതിയിലുള്ള പാലത്തിന്റെ സ്പാനുകള്‍ക്ക് താഴെ 1.70 മീറ്റർ വീതിയിൽ ഇരുവശത്തുമായാണ് കാൽനടയാത്രക്കാർക്കുള്ള നടപ്പാത (പാത്ത് വേ) രൂപകല്പന ചെയ്തിരിക്കുന്നത്.

മുകളിലെ നിലയില്‍ റോഡും താഴെ നിലയില്‍ പാത്ത് വേയും സജ്ജീകരിച്ച് രൂപകൽപ്പന ചെയ്ത കേരളത്തിലെ ആദ്യത്തെ പാലമാണിത്. കേരളീയ വാസ്‌തുവിദ്യയിൽ ഒരുക്കിയ എട്ട് വാച്ച്‌ ടവറുകളും പാലത്തിലുണ്ട്. വാച്ച് ടവറുകളിൽ നിന്നുകൊണ്ട് കുട്ടനാടൻ പാടശേഖരങ്ങളും പൂക്കൈതയാറിന്റെ ഭംഗിയും ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരം ലഭിക്കും. പാലത്തിന്റെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കാൻ വ്യത്യസ്തമായ ഈ നിർമിതിയിലൂടെ സാധിക്കുന്നുണ്ട്. ഭാവിയിൽ ചമ്പക്കുളവും നെടുമുടി – കരുവാറ്റ റോഡും കൂട്ടിയോജിപ്പിക്കുമ്പോൾ എ സി റോഡിൽ നിന്ന് ചമ്പക്കുളം വഴി അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലേക്കുള്ള ബൈപ്പാസായും പടഹാരം പാലം മാറും.