ന്യൂഡല്‍ഹി: മുസ്ലിം സമുദായം ഉന്നയിച്ച മൂന്ന് സുപ്രധാന വിഷയങ്ങളില്‍ സുപ്രീംകോടതിക്കും ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വഖഫ് ഭേദഗതി നിയമത്തിനെതിരെ സമർപ്പിച്ച ഹരജികള്‍ നാളെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റി.
ഉപയോഗത്തിലൂടെയുള്ള വഖഫ് അതല്ലാതാക്കുന്നതിനും ജില്ലാ കലക്ടർക്ക് അമിതാധികാരം നല്‍കുന്നതിനും വഖഫ് കൗണ്‍സിലിലും ബോർഡുകളിലും അമുസ്ലിംകളെ കയറ്റുന്നതിനുമുള്ള വ്യവസ്ഥകളില്‍ മുസ്ലിം സംഘടനകള്‍ പ്രകടിപ്പിച്ച ആശങ്കകള്‍ ശരിവെച്ച സുപ്രീംകോടതി അവ മരവിപ്പിച്ച് നിർത്താനായി ഇടക്കാല ഉത്തരവ് ഇറക്കാൻ മൂന്ന് നിർദേശങ്ങള്‍ മുന്നോട്ടുവെച്ചു.
എന്നാല്‍ ഇടക്കാല ഉത്തരവില്‍ വേറെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച ഉച്ചക്ക് വാദം തുടർന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.
ഇടക്കാല ഉത്തരവിടാനായി സുപ്രീംകോടതി നിർദേശിച്ചത്
ഒന്ന്: രജിസ്ട്രേഷൻ മൂലമോ കോടതി ഉത്തരവാലോ ഉപയോഗത്തിലൂടെയോ മറ്റേതെങ്കിലും നിലക്കോ വഖഫായി കണക്കാക്കുന്ന സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്ത് അതല്ലാതാക്കരുത്.
രണ്ട്: കലക്ടർമാർക്ക് അന്വേഷണം നടത്താമെങ്കിലും പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നടപടി അരുത്.
മൂന്ന്: കേന്ദ്ര വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും എക്സ് ഒഫീഷ്യോ അംഗങ്ങളല്ലാത്തവർ എല്ലാവരും മുസ്ലിംകളായിരിക്കണം.
നിയമഭേദഗതി ഭരണഘടനയുടെയും മൗലികാവകാശങ്ങളുടേയും ലംഘനമാണെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. മതപരമായ സ്വത്തുക്കള്‍ ലഭിക്കാനുള്ള അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. മുസ്ലിം വിഭാഗത്തിന്റെ മതപരവും സാംസ്കാരികവുമായ സ്വയംഭരണത്തെ നിയമം അവഗണിക്കുന്നു. വഖഫ് ഭേദഗതി നിയമം ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും കപില്‍ സിബല്‍ വാദിച്ചു.
ഒരു മതത്തിന്റെയും അവകാശങ്ങളില്‍ ഇടപെടാൻ പാർലമെന്റിന് അവകാശമില്ല. ഇസ്ലാം മതത്തിന്റെ അവിഭാജ്യ ആചാരമാണ് വഖഫ്. ആചാരത്തെ സർക്കാർ എന്തിന് ചോദ്യം ചെയ്യണം. വഖഫ് നല്കണമെങ്കില് അഞ്ചു വർഷം മുസ്ലിമാകണമെന്നത് എന്തിന് തെളിയിക്കണം. ആർട്ടിക്കിള്‍ 26 എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമിതിയിലെ അംഗങ്ങളെ മാറ്റുന്നത് ഭരണഘടനാ വിരുദ്ധമെന്നും സിബല്‍ ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തില്‍ ഏതു മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. ഒരു മതത്തിന് ചില നിയന്ത്രണങ്ങള്‍ കല്‍പ്പിക്കുന്നത് ഭരണഘടനാ ലംഘനമെന്നും ബോർഡിലെ 22 അംഗങ്ങളില്‍ അമുസ്ലിംകളെ ഉള്‍പ്പെടുത്തുന്നത് വിവേചനപരമെന്നും സിബല്‍ വ്യക്തമാക്കി.
വിശദമായ ചർച്ച ശേഷമാണ് നിയമം ഭേദഗതി ചെയ്തതെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു. 38 സിറ്റിങ്ങുകള്‍ നടത്തിയതിനു ശേഷം ആണ് നിയമത്തില്‍ ഭേദഗതി വരുത്തിയത് . 98.2 ലക്ഷം നിർദേശങ്ങള്‍ സ്വീകരിച്ചു. 38 ജെ.പി.സി യോഗങ്ങള്‍ നടന്നു. രജിസ്റ്റർ ചെയ്ത വഖഫ് സ്വത്തുക്കള്‍ അതേപടി തുടരുമെന്ന് സർക്കാർ വ്യക്തമാക്കി. തിരുപ്പതി ബോർഡില്‍ ഹിന്ദുക്കള്‍ അല്ലാത്തവർ ഉണ്ടോ എന്ന് കോടതി കേന്ദ്ര സർക്കാറിനോട് ചോദിച്ചു.