വന്യജീവി ആക്രമണം: ഉന്നതതലയോഗം വിളിച്ചുചേര്‍ക്കാന്‍ നിര്‍ദേശം

alternatetext

കാട്ടാന ആക്രമണം പെരുകുന്ന പശ്ചാത്തലത്തില്‍ വനം വകുപ്പിലെ എല്ലാ വിഭാഗം മേധാവികളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉന്നതതലയോഗം വിളിച്ചുചേര്‍ക്കാന്‍ വനംമന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. മുഖ്യവനം മേധാവിക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം വനം വകുപ്പിലെ ഉദ്യോഗസ്ഥരും വനം വകുപ്പ് ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. ബുധനാഴ്ച ഉച്ചയ്ക്ക് 2.30നാണ് യോഗം.പട്രോളിങ് ശക്തിപ്പെടുത്താന്‍ എല്ലാവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരെ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം തിരുവനന്തപുരം ജില്ലയിലെ പാലോട് 50 വയസുകാരന്‍ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരിച്ചു. പാലോട് മാടത്തറ പുലിക്കോട് ചതുപ്പില്‍ ബാബു (50) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച ജോലിക്കായി അടപ്പറമ്ബിലെ ബന്ധുവീട്ടില്‍ പോയശേഷം ബാബുവിനെക്കുറിച്ച്‌ വിവരമില്ലായിരുന്നു.

തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തില്‍ ബന്ധുവീട്ടില്‍ ബാബു എത്തിയില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ഇന്നലെ വനമേഖലയില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്നലെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും മരണകാരണം വ്യക്തമായിരുന്നില്ല.

തുടര്‍ന്നാണിപ്പോള്‍ വനംവകുപ്പ് കാട്ടാനയുടെ ആക്രമണത്തിലാണ് മരണമെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം കിടക്കുന്ന അടിപ്പറമ്ബ് വനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാവിലെ എത്തി പരിശോധിച്ചാണ് കാട്ടാന ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്.

വയനാട് നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ മാനുവെന്ന യുവാവും ഇടുക്കി പെരുവന്താനം കൊമ്ബന്‍ പാറയില്‍ കാട്ടാന ആക്രമണത്തില്‍ സോഫിയ എന്ന സ്ത്രീയും കൊല്ലപ്പെട്ട സംഭവങ്ങള്‍ക്കിടെയാണ് തിരുവനന്തപുരത്തും കാട്ടാന ആക്രമണത്തില്‍ ഒരാളുടെ ജീവന്‍ പൊലിയുന്നത്.