ആലുവ: പച്ചക്കറി മാർക്കറ്റിന് മുന്നില്‍ തിരക്കേറിയ ബൈപ്പാസ് റോഡിലെ അനധികൃത കൈയേറ്റങ്ങള്‍ ഇന്നലെ പോലീസ് സഹായത്തോടെ പൂർണമായി പൊളിച്ചു നീക്കി. കഴിഞ്ഞ രണ്ട് മാസമായി ആരംഭിച്ച കൈയേറ്റമൊഴിപ്പിക്കലാണ് ഇന്നലെ പൂർത്തിയായത്. ദേശീയപാത അഥോറിറ്റിയുടെ നോട്ടീസ് മൂന്നാം വട്ടവും കിട്ടിയതോടെയാണ് നഗരസഭ സർവ സന്നാഹങ്ങളുമായി രംഗത്തിറങ്ങിയത്. ലോട്ടറി കടകളടക്കം 12 കൈയേറ്റങ്ങളാണ് ഇന്നലെ ഒഴിവാക്കിയത്. തട്ടുകടകള്‍, സി ക്ലാസ് കടകള്‍, പഴക്കടകള്‍ തുടങ്ങിയവയും എന്നിവയും എടുത്തു മാറ്റി. ദേശീയപാതാ മേല്‍പ്പാലത്തിനടിയില്‍ കൈയേറി സ്ഥാപിച്ചതാണ് ഭൂരിഭാഗവും.
ഇനിയും കൈയേറ്റം നടന്നാല്‍ പിഴ ചുമത്താനും നിയമ നടപടിയിലേക്ക് കടക്കാനും നഗരസഭ ആലോചിക്കുന്നുണ്ട്. ശിവരാത്രിക്ക് മുമ്ബ് അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കാൻ വന്ന വനിതാ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഒഴിപ്പിക്കല്‍ നടപടി മൂന്നാം വട്ടവും നിർത്തിവച്ചത്. നഗരസഭാ സെക്രട്ടറി പരാതി നല്‍കിയതിയതോടെ മൂന്ന് കച്ചവടക്കാരെ ആലുവ പോലീസ് അറസ്റ്റും ചെയ്തു.