എലിപ്പനി ബാധ ഒഴിവാക്കാൻ മഴക്കാലത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

 എലിപ്പനി ബാധ ഒഴിവാക്കാൻ മഴക്കാലത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
alternatetext

എലിപ്പനി ബാധ ഒഴിവാക്കാൻ മഴക്കാലത്ത് ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. മഴയ്ക്ക് ശേഷം എലിപ്പനികേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും രക്ഷാപ്രവര്‍ത്തനങ്ങളിലും ശുചീകരണപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം മാത്രമാണ് ഇവ കഴിക്കേണ്ടത്.

പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണില്‍ ചുവപ്പ്, ക്ഷീണം എന്നിവയാണ് എലിപ്പനിയുള്ളവര്‍ക്ക് കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങള്‍. മണ്ണിലും വെള്ളത്തിലും പണിയെടുക്കുന്നവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും പ്രതിരോധമരുന്നും വ്യക്തിഗത സുരക്ഷാ ഉപാധികളും ഉറപ്പാക്കേണ്ടതുണ്ട്

എലിപ്പനിയുടെ രോഗാണു വാഹകരായ ജീവികളുടെ മൂത്രം കലര്‍ന്ന ജലമോ, മണ്ണോ, മറ്റു വസ്തുക്കളോ വഴിയുള്ള സമ്ബര്‍ക്കത്തില്‍ കൂടിയാണ് ഇത് പകരുന്നത്. അതിനാല്‍ രോഗ പകര്‍ച്ചയ്ക്കു സാധ്യതയുള്ള സ്ഥലങ്ങളില്‍ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രോഗാണു സാധ്യതയുള്ള എലികളുടെയും കന്നുകാലി, നായ, പന്നികള്‍ മുതലായ മറ്റു ജീവികളുടെയും മൂത്രം ശരീരത്തില്‍ തട്ടാതെയും, ആഹാരം കുടിവെള്ളം എന്നീ മാര്‍ഗങ്ങളിലൂടെ ശരീരത്തില്‍ പ്രവേശിക്കാതെയും നോക്കുന്നത് വഴി ഈ രോഗം തടയാന്‍ സാധിക്കും.