ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍
alternatetext

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കേസില്‍ നേരത്തെ പിടിയിലായ തസ്ലിമയുടെ ഭര്‍ത്താവ് ചെന്നൈ എണ്ണൂര്‍ സത്യവാണി മുത്ത് നഗര്‍ സ്വദേശി സുല്‍ത്താന്‍ അക്ബര്‍ അലി (43 ) ആണ് തമിഴ്‌നാട് ആന്ധ്രാ അതിര്‍ത്തിയില്‍ നിന്നും എക്‌സൈസ് പിടികൂടിയത്. തായ്ലന്റിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയില്‍ ആയത്. ആലപ്പുഴയില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയതില്‍ നിര്‍ണായക നീക്കമാണ് എക്സൈസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഈമാസം ഒന്നാം തീയ്യതിയാണ് ആലപ്പുഴയിലേക്ക് കൊണ്ടുവന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവ് എക്‌സൈസ് പിടികൂടിയത്.

കേസില്‍ ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന് വിളിപ്പേരുള്ള തസ്ലിമ സുല്‍ത്താന്‍, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരെ അറസ്റ്റു ചെയ്തു. തുടരന്വേഷണത്തിലാണ് തസ്ലിമയുടെ ഭര്‍ത്താവ് സുല്‍ത്താനെ തമിഴ്‌നാട് ആന്ധ്രാ അതിര്‍ത്തിയില്‍ നിന്നും പിടികൂടിയത്. എക്‌സൈസ് സംഘം കഴിഞ്ഞ മൂന്ന് ദിവസമായി ചെന്നൈയില്‍ തങ്ങി അന്വേഷണം നടത്തിവരികയായിരുന്നു. മലേഷ്യയില്‍ നിന്നും സുല്‍ത്താനാണ് മുന്തിയ ഇനം ലഹരി വസ്തുക്കള്‍ എത്തിച്ചതെന്നാണ് നിഗമനം. ഇത് സാധൂകരിക്കുന്ന തെളിവുകള്‍ സുല്‍ത്താന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ചതില്‍ നിന്നും എക്സൈസിന് ലഭിച്ചിട്ടുണ്ട്.

മൊബൈല്‍ കടകള്‍ക്ക് സെക്കന്‍ ഹാന്‍ഡ് മൊബൈലും മറ്റ് ഉപകരണങ്ങളും സപ്ലൈ ചെയ്യുന്ന ജോലി ചെയ്യുന്ന ഇയാള്‍ ഇതിന്റെ ഭാഗമായി സിംഗപ്പൂര്‍, തായ്ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ പോകുകയും ഇവയുടെ മറവില്‍ ഹൈബ്രിഡ് കഞ്ചാവ് കടത്തിക്കൊണ്ട് വരികയുമാണ് ചെയ്തിരുന്നത്. കൂടുതല്‍ ചോദ്യം ചെയ്യാനായി സുല്‍ത്താനെ ഉടന്‍ ആലപ്പുഴയില്‍ എത്തിക്കും. സുല്‍ത്താന് ലഹരി ക്കടത്ത്മായി കൂടുതല്‍ ബന്ധങ്ങള്‍ ഉണ്ടോ അതോ തസ്ലിമ ഇയാളെ ഉപയോഗിക്കുക ആയിരുന്നോ എന്നാണ് എക്‌സൈസ് പരിശോധിക്കുന്നത്.