കൊല്ലം കൊട്ടാരക്കരയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പെണ്‍കുട്ടികളുടെ നഗ്‌നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഓയൂര്‍ മരുതണ്‍പള്ളി സ്വദേശി സജിയാണ് പിടിയിലായത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാം, ടെലഗ്രാം പേജുകളിലൂടെയും ആണ് പെണ്‍കുട്ടികളുടെ നഗ്‌ന ചിത്രങ്ങങള്‍ ഇയാള്‍ പ്രചരിപ്പിച്ചത്. ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളില്‍ ചിലര്‍ കൊട്ടാരക്കര പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചിത്രങ്ങള്‍ വന്ന സമൂഹ മാധ്യമ പേജുകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. വിശദമായ പരിശോധനയിലാണ് വ്യാജ അക്കൗണ്ടുകളുടെ പിന്നില്‍ സജിയാണന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാലെ കസ്റ്റഡിയിലെടുത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്പുകളിലൂടെയാണ് പ്രതി പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഉണ്ടാക്കിയത്. ആദ്യം സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യും. പിന്നിട് അതില്‍ രൂപ മാറ്റം വരുത്തി നഗ്‌ന ചിത്രങ്ങളാക്കും. വ്യാജ പ്രൊഫൈലുകളിലൂടെ ഇത് പ്രചരിപ്പിക്കും.
അടുത്ത കാലത്ത് ഏറെ പ്രചാരത്തിലായ ചില എഐ ആപ്പുകളാണ് സജി കൂടുതലായും ഉപയോഗിച്ചത്. പ്രായപൂത്തിയാകാത്ത പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ ഇയാള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. പ്രതിയുടെ ഫോണില്‍ നിന്ന് ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങള്‍ കണ്ടെത്തി. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകളും ചുമത്തി.