നീറ്റ്-യുജി: വിദഗ്ധ സമിതി ശിപാര്‍ശ നടപ്പിലാക്കും; കേന്ദ്രം സുപ്രീംകോടതിയില്‍

alternatetext

ന്യൂഡല്‍ഹി: നീറ്റ്-യുജി പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കുന്നതിനായും പരീക്ഷാ നടത്തിപ്പിലെ തെറ്റുകള്‍ തിരുത്തുന്നതിനുമായി ഏഴംഗ വിദഗ്ധ സമിതി മുന്നോട്ടുവച്ച ശിപാർശകള്‍ നടപ്പിലാക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

നീറ്റ്-യുജി പരീക്ഷ സംഘടിപ്പിക്കുന്ന ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ)യുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ രൂപീകരിച്ച സമിതിയുടെ ശിപാർശകളില്‍ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും നിർദേശങ്ങള്‍ ഉടൻ നടപ്പിലാക്കുമെന്നും കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

നീറ്റ്-യുജി പരീക്ഷകളില്‍ ക്രമക്കേടുണ്ടെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് പരീക്ഷാനടത്തിപ്പില്‍ ശിപാർശകള്‍ നല്‍കുവാനും പരീക്ഷ സംഘടിപ്പിക്കുന്ന എൻടിഎയുടെ പ്രവർത്തനങ്ങള്‍ വിലയിരുത്തുന്നതിനുമായി മുൻ ഐഎസ്‌ആർഒ ചെയർമാൻ എസ്. രാധാകൃഷ്ണൻ അധ്യക്ഷനായി ഏഴംഗ വിദഗ്ധ സമിതിയെ നിയോഗിച്ചത്.

നീറ്റ് പരീക്ഷ ഓണ്‍ലൈനായി നടത്തണം, അപേക്ഷിക്കാനുള്ള അവസരങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണം, എൻടിഎയില്‍ കൂടുതല്‍ സ്ഥിരം ജീവനക്കാരെ നിയമിക്കണം തുടങ്ങിയ ശിപാർശകളാണു സമിതി സമർപ്പിച്ച റിപ്പോർട്ടിലുള്ളതെന്നാണ് സൂചന.