കൊച്ചി: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈകോടതി തിങ്കളാഴ്ച വിധി പറയും. ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹരജിയില്‍ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് വിധി പറയുക. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലും വീഴ്ചകളുണ്ടെന്നുമാണ് മഞ്ജുഷയുടെ ആരോപണം. കോടതി നിർദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് സി.ബി.ഐ അറിയിച്ചിട്ടുണ്ട്.
കേസ് സി.ബി.ഐ ഏറ്റെടുക്കേണ്ട അസാധാരണ സാഹചര്യമെന്താണെന്ന് വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. പ്രതി പി.പി. ദിവ്യയുടെ രാഷ്ട്രീയ സ്വാധീനത്തിലുള്ള ആശങ്കയാണ് ഹരജിക്കാരി പങ്കുവെച്ചത്. തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ നവീൻ ബാബുവിന്‍റെ അടിവസ്ത്രത്തിലെ രക്തക്കറ പൊലീസ് അവഗണിച്ചതും ഇൻക്വസ്റ്റ് തിടുക്കത്തില്‍ നടത്തിയതും ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകള്‍ തമ്മിലെ അന്തരവുമടക്കം ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തുകയും പാർട്ടി ജില്ല സമ്മേളനങ്ങള്‍ പുരോഗമിക്കുകയും ചെയ്യുന്ന സമയത്ത് കൊലപാതക രാഷ്ട്രീയം വീണ്ടും ചർച്ചയാവുന്നതില്‍ സി പി എം നേതൃത്വം അസ്വസ്ഥരാണ്. കൊലകളിലൊന്നും പാർട്ടിക്ക് പങ്കില്ലെന്ന് നേതാക്കള്‍ ആവർത്തിക്കുമ്ബോഴും പ്രതികളുടെ പാർട്ടി ബന്ധങ്ങളും നിയമയുദ്ധം നടത്തുന്നത് ആരെന്നതും അങ്ങാടിപ്പാട്ടാണ്.
എ.ഡി.എമ്മിന്റെ മരണത്തില്‍ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി. ദിവ്യയാണ് ഏക പ്രതി. ആത്മഹത്യ പ്രേരണക്കേസ് ചുമത്തിയയുടൻ തന്നെ ഇവരെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സി.പി.എം നീക്കി. ജയിലില്‍ കഴിയുന്നതിനിടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നതിന്റെ തലേന്ന് ജില്ല കമ്മിറ്റിയില്‍നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇങ്ങനെ ചെയ്തെങ്കിലും, മരണത്തില്‍ ദുരൂഹത ഉന്നയിച്ച് എ.ഡി.എമ്മിന്റെ കുടുംബം ആദ്യം മുതലേ രംഗത്തുണ്ട്.
കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നും ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം എന്നിവ ബന്ധുക്കളുടെ സാനിധ്യമില്ലാതെ നടത്തിയതില്‍ ഗൂഢാലോചനയുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടി. കേസ് ആദ്യമന്വേഷിച്ച കണ്ണൂർ ടൗണ്‍ ഇൻസ്പെക്ടറുടെ നടപടികളിലും പിന്നീട് രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടപാടുകളിലും കുടുംബം സംശയം പ്രകടിപ്പിച്ചു. പെട്രോള്‍ പമ്ബിന് എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന ആരോപണവും അതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും ബന്ധുക്കള്‍ ഗൂഢാലോചന സംശയിച്ചിരുന്നു