അഭിമന്യു വധക്കേസ്; കോടതിയിൽ ഹാജരാക്കിയ രേഖകൾ കാണാനില്ല.

അഭിമന്യു വധക്കേസ്; കോടതിയിൽ ഹാജരാക്കിയ രേഖകൾ കാണാനില്ല.
alternatetext

കൊച്ചി: കേരള മനസാക്ഷിയെ ഞെട്ടിച്ച അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയ രേഖകള്‍ കോടതിയില്‍ നിന്നും നഷ്ടപ്പെട്ടു. എറണാകുളം സെഷൻസ് കോടതിയിൽ നിന്നുമാണ് കുറ്റപത്രം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ പതിനൊന്നു രേഖകൾ നഷ്ടമായത്.

ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്ന് ഇവ പുനഃസൃഷ്ടിക്കാൻ ഹൈക്കോടതി ജില്ല ജഡ്ജിക്ക് നിർദേശം നല്‍കി. ഇതിനുള്ള നടപടികള്‍ സെഷൻസ് കോടതിയില്‍ തുടങ്ങി. ചാർജ് ഷീറ്റ്, പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് അടക്കമുള്ള 11 രേഖകളാണ് നഷ്ടമായത്. രേഖകള്‍ കണ്ടെത്താൻ കഴിയാത്ത വിധം നഷ്ടമായതായെന്ന് മനസ്സിലായതോടെയാണ് ഹൈക്കോടതിയെ അറിയിച്ചത്.

കഴിഞ്ഞ ഡിസംബറിലാണ് ഇവ പുനഃസൃഷ്ടിക്കാൻ ഹൈക്കോടതി നിർദേശം നല്‍കിയത്. ഇക്കാര്യത്തില്‍ എതിർപ്പുണ്ടെങ്കില്‍ അറിയിക്കാൻ ബന്ധപ്പെട്ട കക്ഷികള്‍ക്ക് സെഷൻസ് കോടതി നോട്ടീസ് നല്‍കി. മാർച്ച്‌ 17-നു മുൻപ് എതിർപ്പുണ്ടെങ്കില്‍ അറിയിക്കാനാണ് നിർദേശം. നഷ്ടപ്പെട്ട രേഖകളുടെ പകർപ്പുകള്‍ പ്രോസിക്യൂഷനില്‍ നിന്നാണ് തേടിയിരിക്കുന്നത്.

വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകള്‍ കാണാതായത്. 2018 ജൂലായ് രണ്ടിന് പുലർച്ചെ 12.45-നാണ് അഭിമന്യു കൊല്ലപ്പെടുന്നത്. എസ്.ഡി.പി.ഐ.-കാമ്ബസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു കേസിലെ പ്രതികള്‍