ആശ വർക്കർമാർക്ക് നല്‍കാനുള്ള മുഴുവൻ തുകയും നല്‍കിയെന്ന് കേന്ദ്ര മന്ത്രിയും ഇല്ലെന്ന് കേരളവും.

alternatetext

തിരുവനന്തപുരം: ആശ വർക്കർമാർക്ക് നല്‍കാനുള്ള മുഴുവൻ തുകയും നല്‍കിയെന്ന് കേന്ദ്ര മന്ത്രിയും ഇല്ലെന്ന് കേരളവും. ആശ വർക്കർമാരുടെ സമരം പരിഹാരമില്ലാതെ തുടരുമ്ബോഴാണ് കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ആരോപണ പ്രത്യാരോപണങ്ങള്‍.

ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കഴിഞ്ഞ സാമ്ബത്തിക വര്‍ഷം കേരളത്തിനുള്ള മുഴുവന്‍ തുകയും അനുവദിച്ചെന്ന പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് നിയമസഭയില്‍ മന്ത്രി വീണ ജോർജ് പറഞ്ഞു. കോ-ബ്രാന്‍ഡിങ്ങിന്റെ പേരില്‍ തടഞ്ഞുവെച്ച കാഷ് ഗ്രാന്റില്‍ ഒരു രൂപ പോലും കേന്ദ്രം നല്‍കിയിട്ടില്ല.

യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നേരത്തെ കേന്ദ്രത്തിന് അയച്ചിരുന്നു. 2025 ഫെബ്രുവരി വരെയുള്ള ഫിനാന്‍ഷ്യല്‍ മോണിറ്ററിങ് റിപ്പോര്‍ട്ടുകളും അയച്ചു കൊടുത്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കേന്ദ്രത്തിന് ലഭ്യമാക്കുമ്ബോഴാണ് അടുത്ത ഗഡു ഫണ്ട് അനുവദിക്കുക. ഇതുസംബന്ധിച്ച്‌ എൻ.എച്ച്‌.എം സ്റ്റേറ്റ് മിഷന്‍ നല്‍കിയ രേഖകള്‍ മന്ത്രി സഭയില്‍ വെച്ചു.എന്‍.എച്ച്‌.എമ്മിന് 2023-24 ല്‍ കേന്ദ്രം നല്‍കാനുള്ള തുക സംബന്ധിച്ച്‌ 2023 നവംബർ 27, 2024 ജൂണ്‍ 24, 2024 ഒക്ടോബർ 17 തീയതികളില്‍ ആരോഗ്യ മന്ത്രി കേന്ദ്ര ആരോഗ്യ മന്ത്രിക്കും സംസ്ഥാന ആരോഗ്യ സെക്രട്ടറി കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കും നാഷനല്‍ മിഷന് സ്റ്റേറ്റ് മിഷനും കത്തയച്ചിരുന്നു. ഇതിനുള്ള മറുപടികളിലും കേന്ദ്രം കേരളത്തിന് 2023-24ല്‍ കേന്ദ്ര വിഹിതം നല്‍കാനുണ്ടന്ന് വ്യക്തമാണ്. എൻ.എച്ച്‌.

എമ്മിന്‍റെ ആശ ഉള്‍പ്പെടെ സ്‌കീമുകള്‍ക്കോ സാധാരണ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കോ ഒരു രൂപ പോലും 2023-24 ല്‍ അനുവദിച്ചിരുന്നില്ല. ആശമാരുടെ ഇന്‍സെന്റിവ് ഉള്‍പ്പെടെ 636.88 കോടി രൂപ അനുവദിച്ചിട്ടില്ല. -വീണ ജോർജ് തുടർന്നു.

ആശാ വർക്കർമാർക്ക് നല്‍കാനുള്ള മുഴുവൻ തുകയും കേന്ദ്ര സർക്കാർ നല്‍കിയെന്നും കേരളം ചെലവഴിച്ച കണക്ക് നല്‍കിയിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ രാജ്യസഭയില്‍. ആശാ വർക്കർമാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്നും അവർക്ക് വേതനം വർധിപ്പിക്കുന്നത് പരിഗണനയിലാണെന്നും ജെ.പി. നഡ്ഡ പറഞ്ഞു. സി.പി.ഐ അംഗം പി.സന്തോഷ് കുമാർ ചൊവ്വാഴ്ച ചോദ്യോത്തര വേളയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ മറുപടി.

ആശാ വർക്കർമാരടെ വേതനം ഉയർത്താൻ സർക്കാറിന് പദ്ധതിയുണ്ടോ എന്നും കേരളത്തിന് നല്‍കാനുള്ള 100 കോടിയിലധികം രൂപ കുടിശ്ശികയുണ്ടെന്നും അത് ഉടൻ നല്‍കുമോ എന്നുമായിരുന്നു എം.പിയുടെ ചോദ്യങ്ങള്‍.

ഇതിന് നല്‍കിയ മറുപടിയിലാണ്, ഒരാഴ്ച മുമ്ബ് നടന്ന ദേശീയ ആരോഗ്യ മിഷൻ (എൻ.എച്ച്‌.എം) യോഗത്തില്‍ ആശാ വർക്കർമാരുടെ പ്രവർത്തനത്തെപ്പറ്റി ചർച്ച നടന്നിരുന്നുവെന്നും അവർക്ക് വേതനം വർധിപ്പിക്കുന്നത് പരിഗണയിലാണെന്നും മന്ത്രി വ്യക്തമാക്കിയത്. കേന്ദ്രം കേരളത്തിന് നല്‍കാനുള്ള എല്ലാ കുടിശ്ശികയും നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ നിമിഷം വരെ വിനിയോഗ സർട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.

കുടിശ്ശിക സംബന്ധിച്ച്‌ ജെ.പി. നഡ്ഡ സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും അവകാശലംഘന നോട്ടീസ് നല്‍കുമെന്നും സന്തോഷ് കുമാർ എം.പി പ്രതികരിച്ചു. കേരളത്തിന് ഒന്നും കിട്ടാനില്ലെന്നുപറഞ്ഞത് കള്ളമാണ്. 2023-24 വർഷത്തേക്ക് 100 കോടി രൂപ കിട്ടാനുണ്ടെന്നും എം.പി കൂട്ടിച്ചേർത്തു.