ആലുവ: പിണറായി സർക്കാർ നാലാം വര്‍ഷികം ആഘോഷിക്കാനിരിക്കെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വാര്‍ഷികം ആഘോഷിക്കാനുള്ള ഒരവകാശവും ഇടത് സര്‍ക്കാറിനില്ലെന്ന് സതീശൻ പറഞ്ഞു.
സര്‍ക്കാറിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നു കാട്ടുന്നതിനു വേണ്ടി ബദല്‍ പ്രചരണ പരിപാടികള്‍ യു.ഡി.എഫ് സംഘടിപ്പിക്കുമെന്ന് വി.ഡി. സതീശൻ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. അടിസ്ഥാന വര്‍ഗങ്ങളെ പൂര്‍ണമായും അവഗണിച്ചു. ആരോഗ്യ കാര്‍ഷിക വിദ്യാഭ്യാസ രംഗങ്ങള്‍ അനിശ്ചിതത്വത്തിലായി. മലയോര ജനത വന്യജീവി ആക്രമണത്തില്‍ കഷ്ടപ്പെടുമ്ബോള്‍ സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല. തീരപ്രദേശവും വറുതിയിലും പട്ടിണിയിലുമാണ്. ജനങ്ങള്‍ കഷ്ടപ്പെടുമ്ബോള്‍ ക്ഷേമ- വികസന പദ്ധതികള്‍ പൂര്‍ണമായും നിര്‍ത്തിവെക്കുന്ന സ്ഥിതിയിലേക്ക് കേരളം കൂപ്പുകുത്തിയിരിക്കുകയാണ്. ഖജനാവില്‍ പണമില്ല. ആറു ലക്ഷം കോടി രൂപയുടെ കടക്കെണിയിലേക്ക് സംസ്ഥാനം എത്തിയിരിക്കുകയാണ്. കരാറുകാര്‍ക്ക് കോടിക്കണക്കിന് രൂപയാണ് നല്‍കാനുള്ളത്. ധനപ്രതിസന്ധി പരിഹരിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ പല തവണ മുടങ്ങി. ക്ഷേമനിധി ബോര്‍ഡുകളും തകര്‍ച്ചയുടെ വക്കിലാണ്. പാവപ്പെട്ട തൊഴിലാളികള്‍ അവരുടെ ജീവിതകാലം മുഴുവന്‍ അധ്വാനിച്ച പണം അംശാദായമായി കൊടുത്ത് ക്ഷേമനിധികളില്‍ നിന്നു പോലും പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ നല്‍കുന്നില്ല. കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡുകളില്‍ ഉള്‍പ്പെടെ പെന്‍ഷന്‍ മുടങ്ങിയിട്ട് 16 മാസമായി. അംഗന്‍വാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നില്ല. ആശവര്‍ക്കര്‍മാരോടും അംഗന്‍വാടി ജീവനക്കാരോടും ദയാരഹിതമായാണ് പൊലീസ് പെരുമാറുന്നത്. വേതന വര്‍ധനവിന് വേണ്ടി സമരം ചെയ്യുന്നവരെ കോര്‍പറേറ്റ് മുതലാളിമാരെ പോലെയാണ് മന്ത്രിമാര്‍ അപഹസിക്കുന്നത്. സമരം ചെയ്യുന്നവരെ കളിയാക്കുന്ന തീവ്രവലതുപക്ഷ സര്‍ക്കാറായി ഇവര്‍ മാറി. കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ എല്ലാ ജാഡകളുമുള്ള സര്‍ക്കാരും മന്ത്രിമാരുമാണ് കേരളത്തിലുള്ളത്.
സര്‍ക്കാര്‍ ഇല്ലായ്മയാണ് കേരളം അനുഭവിക്കുന്നത്. ആശുപത്രികളില്‍ മരുന്നുകളില്ല. കാരുണ്യ പദ്ധതി പൂര്‍ണമായും മുടങ്ങി. റബറിന് 250 രൂപ തറവിലയാക്കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞവര്‍ വാഗ്ദാനം നടപ്പാക്കിയില്ല. എല്ലാ കാര്‍ഷിക ഉല്‍പന്നങ്ങളുടെയും വില ഇടിഞ്ഞു. നാളികേര സംഭരണം നടക്കുന്നില്ല. നെല്ല് സംഭരണം പൂര്‍ണമായും പാളിപ്പോയി. മില്ലുടമകളുമായി ചേര്‍ന്ന് കര്‍ഷകരെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. വന്യജീവി ആക്രമണത്തിലും ഒരു നടപടിയുമില്ല. നാലു മാസത്തിനിടെ 18 പേരെയാണ് ആന ചവിട്ടിക്കൊന്നത്. കഴിഞ്ഞ ദിവസവും മൂന്നു പേര്‍ കൊല്ലപ്പെട്ടു. എന്നിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. തീരപ്രദേശത്ത് മണല്‍ ഖനനം നടത്തുമ്ബോഴും സര്‍ക്കാര്‍ മിണ്ടാതിരിക്കുന്നു. മണ്ണെണ്ണ സബ്‌സിഡി വര്‍ധിപ്പിക്കുന്നില്ല. തീരദേശ ഹൈവേ കൊണ്ടുവന്ന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഇല്ലാതാക്കുകയാണ്. ഇതുതന്നെയാണ് കേരളത്തിന്റെ എല്ലാ മേഖലകളിലും നിലനില്‍ക്കുന്നത്.
എല്ലായിടത്തും അഴിമതിയും ധൂര്‍ത്തുമാണ്. ആശവര്‍ക്കര്‍മാക്ക് പണം നല്‍കാനില്ലാത്തവരാണ് പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും ശമ്ബളം വര്‍ധിപ്പിച്ചു കൊടുത്തത്. ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിന് ആറര ലക്ഷം രൂപയാണ് ശമ്ബളമായി നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ആദ്യത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ പോയി. രണ്ടാമത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണമാണ് ഹൈകോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഉപജാപകസംഘമായി മാറി. അവരാണ് പൊലീസിനെ നിയന്ത്രിക്കുന്നത്.
കേരളം ലഹരി മരുന്നിന്റെ ഹബ്ബായി മാറിയിരിക്കുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് നടത്താതെ എക്‌സൈസും പൊലീസും നിഷ്‌ക്രിയരായി ഇരിക്കുകയാണ്. നിയമസഭയില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കിയപ്പോഴാണ് സര്‍ക്കാര്‍ കുറച്ചു ദിവസം ഷോ കാട്ടിയത്. ലഹരി മാഫിയകള്‍ക്ക് സി.പി.എം രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കിക്കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ ബുദ്ധിമുട്ടുമ്ബോഴും കോടികള്‍ മുടക്കിയാണ് സര്‍ക്കാര്‍ പരസ്യം ചെയ്യുന്നത്. പെന്‍ഷന്‍ നല്‍കാന്‍ പണം ഇല്ലാത്തപ്പോഴും മുഖ്യമന്ത്രിയുടെ ഹോഡിങ് വെക്കാന്‍ മാത്രം 15 കോടി രൂപ മുടക്കുന്ന ഈ സര്‍ക്കാറിന് നാണമുണ്ടോ? ഐക്യജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ നാലാം വാര്‍ഷികം പൂര്‍ണമായും ബഹിക്കരിക്കും. നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്‍ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും തദ്ദേശ ജനപ്രതിനിധികളും പങ്കെടുക്കും. കാരണം അത് അവരുടെ കൂടി അധ്വാനത്തിന്റെ ഫലമാണ്. അല്ലാതെയുള്ള എല്ലാ ആഘോഷ പരിപാടികളും യു.ഡി.എഫ് പൂര്‍ണമായും ബഹിഷ്‌കരിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
കേരളത്തിലെ ഏത് ഗ്രാമത്തിലും ഏത് ലഹരിയും ലഭ്യമാണ്. കേസെടുത്തതിന്റെ കണക്കാണ് സര്‍ക്കാര്‍ പറയുന്നത്. വലിക്കുന്ന ആളുകള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എവിടെ നിന്നാണ് ലഹരി മരുന്ന് എത്തുന്നത് എന്നത് കണ്ടെത്തണം. രണ്ട് ഐ.ജിമാരെ എന്‍ഫോഴ്‌സ്‌മെന്റിനായി നിയോഗിക്കണം. സപ്ലെ ചെയിന്‍ ബ്രേക്ക് ചെയ്യാതെ കേരളത്തെ രക്ഷിക്കാനാകില്ല. എക്‌സൈസിന്റെയും പൊലീസിന്റെയും ജോലിയല്ല ബോധവത്ക്കരണം. അത് സമൂഹിക സംഘടനകളും യുവജന സംഘടനകളുമൊക്കെ ചെയ്യും. മുഖ്യമന്ത്രി നടത്തിയ യോഗത്തിലും ബോധവത്ക്കരണത്തെ കുറിച്ചാണ് പറയുന്നത്. ലഹരിയുടെ ലഭ്യത ഇല്ലാതാക്കുകയാണ് വേണ്ടത്. വചകമടി കൊണ്ട് ഒന്നും നടക്കില്ല. ലഹരി മാഫിയകള്‍ക്കുള്ള രാഷ്ട്രീയ രക്ഷകര്‍തൃത്വവും സി.പി.എം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.