വോട്ടർ ഐഡി കാർഡ് നമ്ബർ, ആധാറുമായി ബന്ധിപ്പിക്കാൻ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഭരണഘടന, ജനപ്രാതിനിധ്യ നിയമം, വിവിധ സുപ്രീംകോടതി വിധികള്‍ എന്നിവ പാലിച്ചാകും നടപടികള്‍. ആധാറിന്റെ ചുമതലയുള്ള യൂണിക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഒഫ് ഇന്ത്യയുമായി (യു.ഐ.ഡി.എ.ഐ) കമ്മിഷന് കീഴിലെ വിദഗ്ദ്ധർ ഉടൻ സാങ്കേതിക കൂടിയാലോചനകള്‍ ആരംഭിക്കും.
ഇന്നലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ആദ്യഘട്ട ചർച്ച നടന്നു. തിരഞ്ഞടുപ്പ് കമ്മിഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ലെജിസ്‌ലേറ്രീവ് ഡിപ്പാർട്ടുമെന്റ് സെക്രട്ടറി, ഐ.ടി മന്ത്രാലയ സെക്രട്ടറി, യു.ഐ.ഡി.എ.ഐയുടെ സി.ഇ.ഒ, കമ്മിഷനിലെ വിദഗ്ദ്ധർ എന്നിവർ യോഗത്തില്‍ പങ്കെടുത്തു. വോട്ടർ ഐ.ഡി കാർഡുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷം ആരോപണമുന്നയിക്കുന്നതിനിടെയാണ് നീക്കമെന്നത് ശ്രദ്ധേയമാണ്