മാന്നാർ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി മുത്തുപറമ്ബ് തോട്ടശ്ശേരി വീട്ടില്‍ മുഹമ്മദ് ഇർഫാൻ (20) ആണ് മാന്നാർ പൊലിസിന്റെ പിടിയിലായത്.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ചെന്നിത്തല സ്വദേശിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുറച്ചു ദിവസങ്ങളിലായി വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത മനസ്സിലാക്കിയ അധ്യാപകർ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കി. ഇതിനെ തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് അധ്യാപകർ മാന്നാർ പൊലിസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ മാന്നാർ പൊലിസ് ഇൻസ്പെക്ടർ അനീഷ്. എയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയായിരുന്നു.
തുടർന്നാണ് മലപ്പുറത്തു നിന്ന് മുഹമ്മദ് ഇർഫാൻ പിടിയിലായത്. സബ് ഇൻസ്പെക്ടർ അഭിരാം, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റിയാസ്, സീനിയർ സിവില്‍ പൊലീസ് ഓഫീസർ സാജിദ്, സിവില്‍ പൊലീസ് ഓഫീസർ ഹരിപ്രസാദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് ഇർഫാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.