തിരുവല്ലയിലെ കടപ്രയില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം നടത്തിയ ഉല്ലാസയാത്രയ്ക്കിടെ ചെങ്ങാടം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. കടപ്ര വളഞ്ഞവട്ടം കിഴക്കേ വീട്ടില്‍ പുത്തൻപുരയ്ക്കല്‍ മോഹനൻ പിള്ളയുടെ മകൻ രതീഷ് കുമാർ (രമേശ്, 25 )ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെ വളഞ്ഞവട്ടം ഉപദേശിക്കടവിന് സമീപത്തായിരുന്നു സംഭവം. പമ്ബയാറ്റില്‍ രതീഷ് ഉള്‍പ്പെടുന്ന നാലംഗ സംഘം നടത്തിയ ഉല്ലാസയാത്രയ്ക്കിടെ ചെങ്ങാടം തലകീഴ് മറിയുകയായിരുന്നു. നീന്തല്‍ വശമില്ലാതിരുന്ന രതീഷ് നദിയില്‍ മുങ്ങിത്താഴ്ന്നു.
സംഭവം അറിഞ്ഞ് എത്തിയ അഗ്നി രക്ഷാ സേന പണി പൂർത്തിയാകുന്ന ഉപദേശി കടവ് പാലത്തിന് സമീപത്തു നിന്നും രാത്രി 8 മണിയോടെ മൃതദേഹം മുങ്ങി എടുക്കുകയായിരുന്നു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. മാതാവ്: ഉഷ, സഹോദരി: രേഷ്മ.