തൃശൂര്‍ ശ്രീ കേരളവര്‍മ കോളജ് യൂണിയനിലേക്കുള്ള ചെയര്‍മാൻ തെരഞ്ഞെടുപ്പിലെ റീകൗണ്ടിംഗ് ഡിസംബര്‍ രണ്ടിന്

തൃശൂര്‍ ശ്രീ കേരളവര്‍മ കോളജ് യൂണിയനിലേക്കുള്ള ചെയര്‍മാൻ തെരഞ്ഞെടുപ്പിലെ റീകൗണ്ടിംഗ് ഡിസംബര്‍ രണ്ടിന്
alternatetext

തൃശൂര്‍ ശ്രീ കേരളവര്‍മ കോളജ് യൂണിയനിലേക്കുള്ള ചെയര്‍മാൻ തെരഞ്ഞെടുപ്പിലെ റീകൗണ്ടിംഗ് ഡിസംബര്‍ രണ്ടിന്. രാവിലെ ഒന്പതിനു പ്രിൻസിപ്പലിന്‍റെ ചേംബറിലാണു വോട്ടെണ്ണല്‍. ഇന്നലെ രാവിലെ ചെയര്‍മാൻ സ്ഥാനാര്‍ഥികളുടെയും സംഘടനാ പ്രതിനിധികളുടെയും യോഗത്തിലാണു തീയതി നിശ്ചയിച്ചത്. കോടതിവിധി പ്രകാരം നടപടികള്‍ സുതാര്യമായി പൂര്‍ത്തിയാക്കുമെന്നു പ്രിൻസിപ്പല്‍ വി.എ. നാരായണൻ പറഞ്ഞു. അസാധു വോട്ടിന്‍റെ കാര്യത്തിലടക്കം യൂണിവേഴ്സിറ്റി മാനദണ്ഡപ്രകാരം നടപടിയെടുക്കും.

റീകൗണ്ടിംഗ് വീഡിയോയില്‍ പകര്‍ത്തുമെന്നും പ്രിൻസിപ്പല്‍ പറഞ്ഞു. ചെയര്‍മാൻ സ്ഥാനത്തേക് എസ്‌എഫ്‌ഐ, കെഎസ്‌യു, എബിവിപി, ഐഐഎസ്‌എഫ് സംഘടനകളുടെ സ്ഥാനാര്‍ഥികളാണു മത്സരിച്ചത്. ഒന്നിനു നടന്ന വോട്ടെടുപ്പില്‍ ആദ്യ വോട്ടെണ്ണലില്‍ കെ എസ് യു സ്ഥാനാര്‍ഥിക്ക് 896 വോട്ടും എസ്‌എഫ്‌ഐ സ്ഥാനാര്‍ഥിക്ക് 895 വോട്ടുമാണു ലഭിച്ചത്. എസ്‌എഫ്‌ഐയുടെ ആവശ്യപ്രകാരം വൈകിട്ട് ആറിന് ആരംഭിച്ച റീ കൗണ്ടിംഗ് രാത്രി പന്ത്രണ്ടിനാണു പൂര്‍ത്തിയായത്. 11 വോട്ടിന് എസ്‌എഫ്‌ഐ സ്ഥാനാര്‍ഥി വിജയിച്ചെന്നും പ്രഖ്യാപിച്ചു. ഇതിനെതിരേയാണു കെഎസ്‌യു ചെയര്‍മാൻസ്ഥാനാര്‍ഥി എസ്. ശ്രീക്കുട്ടൻ കോടതിയെ സമീപിച്ചത്.

തെരഞ്ഞെടുപ്പു വിവാദമായതോടെ ബാലറ്റ് പേപ്പറുകള്‍ ആദ്യം കോളജിന്‍റെ സ്ട്രോംഗ് റൂമിലേക്കും പിന്നീടു ട്രഷറിയിലേക്കും മാറ്റിയിരുന്നു. കോടതി ആവശ്യപ്പെട്ട രേഖകള്‍ എടുക്കാൻ വീണ്ടും കോളജിലേക്കു കൊണ്ടുവന്നു. ഇതു തിരികെ കൊണ്ടുപോയിട്ടില്ല.