തിരുവനന്തപുരം: ആലപ്പുഴ തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ സിബില്‍ സ്കോറിനെ പി.ആര്‍എസ്. വായ്പ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്. അനില്‍. 800ന് മുകളില്‍ മികച്ച സിബില്‍ സ്കോര്‍ മരിച്ച കര്‍ഷകനുണ്ടായിരുന്നുവെന്നും മന്ത്രി ജി.ആര് അനില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നെല്ല് സംഭരണത്തിന്റെ എം.എസ്.പി ഇനത്തില്‍ 2017-18 വര്‍ഷം മുതല്‍ 2023-24 വരെ 790.82 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് കിട്ടാനുള്ളത്. സപ്ലൈകോ ഓഡിറ്റ് പൂര്‍ത്തിയാക്കിയ കണക്ക് നല്‍കാത്തതുകൊണ്ടാണ് കുടിശ്ശിക തരാത്തതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ 2018-19 വരെയുള്ള സപ്ലൈകോയുടെ ഓഡിറ്റ് പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ ഒന്നില്‍ പോലും കേന്ദ്ര വിഹിതം പൂര്‍ണമായി കിട്ടിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നെല്ല് സംഭരിച്ച വകയില്‍ ഈ വര്‍ഷം ഓഗസ്റ്റ് 14ന് ലഭിച്ച 34.3 കോടി രൂപയാണ് ഒടുവില്‍ കിട്ടിയ കേന്ദ്ര വിഹിതമെന്നും അദ്ദേഹം പറഞ്ഞു.
ഓഡിറ്റ് പൂര്‍ത്തിയായിട്ടില്ലെങ്കില്‍ കേന്ദ്രം തരാനുള്ളതില്‍ താങ്ങുവില ഒഴിച്ചുള്ള മറ്റ് ചെറിയ ഇനങ്ങളുടെ അഞ്ച് ശതമാനമാണ് തടഞ്ഞുവയ്ക്കുക. ഇത് മൊത്തം കേന്ദ്ര വിഹിതത്തിന്റെ ഒരു ശതമാനം മാത്രമാണ്. എന്നാല്‍ 2017-2018, 2018-2019 വര്‍ഷങ്ങളിലേത് ഒഴിവാക്കിയാല്‍ വലിയ തുകയാണ് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വിഹിതത്തില്‍ അധിക റേഷൻ വിതരണം ചെയ്തുവെന്നും വെള്ളകാര്‍ഡുകാര്‍ക്ക് എഫ്.സി.ഐയില്‍ നിന്നും കിലോഗ്രാമിന് എട്ട് രൂപ 30 പൈസയ്ക്കു വാങ്ങുന്ന അരി 10 രൂപ 90 പൈസയ്ക്ക് വിതരണം ചെയ്തുവെന്നുമാണ് തുക തടഞ്ഞുവച്ചിരിക്കുന്നതിന് കാരണമായി കേന്ദ്രം പറയുന്നത്.
കേന്ദ്രം റേഷൻ പരിധിയില്‍ പുറത്താക്കിയ 57 ശതമാനം ജനങ്ങള്‍ക്കാണ് നീല, വെള്ള കാര്‍ഡുകാരായി തിരിച്ച് കേരളം അരി നല്‍കുന്നത്. നീല കാര്‍ഡുകാര്‍ക്ക് എട്ട് രൂപ 30 പൈസയ്ക്ക് വാങ്ങുന്ന അരി നാല് രൂപയ്ക്കും വെള്ളകാര്‍ഡുകാര്‍ക്ക് മാര്‍ക്കറ്റ് വിലയിലും താഴെ 10 രൂപ 90 പൈസക്കുമാണ് അരി നല്‍കുന്നത്. ഈ രണ്ടുകാര്യങ്ങളും ഉദ്യോഗസ്ഥതലത്തിലും മന്ത്രിതലത്തിലും കത്തുകളിലൂടെയും നേരിട്ടുകണ്ടും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു