ചെറുതോണി: ബംഗളുരുവില്‍ നഴ്സിങ് അഡ്മിഷന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസില്‍ അഞ്ചംഗ സംഘം അറസ്റ്റില്‍. ഇരുന്നൂറോളം വ്യക്തികളുടെ പേരില്‍ മൂന്നു ലക്ഷത്തോളം രൂപ വീതം ബാങ്കില്‍നിന്ന് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ സംഘത്തെയാണ് തങ്കമണി പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം പൂയപ്പള്ളി ചെങ്കുളം വട്ടവിള പുത്തന്‍വീട്ടില്‍ ലിജോ ജേക്കബ് ജോണ്‍, നെടുങ്കണ്ടം പ്ലാത്തോട്ടത്തില്‍ ജിതിന് തോമസ്, തൈക്കൂട്ടത്തില്‍ മൃദുല്‍ ജോസഫ്, കട്ടപ്പന നത്തുകല്ല് സ്വദേശി ഓലിക്കര ജസ്റ്റിന് ജെയിംസ്, നെടുങ്കണ്ടം ബാലഗ്രാം കണിശേരിയില്‍ കെ.ടി അനൂപ് എന്നിവരാണ് അറസ്റ്റിലായത്.
ലിജോ ജേക്കബ് ജോണ്‍ ആണ് കേസിലെ ഒന്നാം പ്രതി. ബംഗളുരുവില്‍ ട്രസ്റ്റ് രൂപീകരിച്ച് പലിശ ഇല്ലാതെ പഠനത്തിനായി പണം നല്‍കാമെന്ന് രക്ഷിതാക്കളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ഇടുക്കിയില്‍ മാത്രം മുപ്പതോളം പേര് തട്ടിപ്പിനിരയായി. 2021-ല്‍ ദേവാമൃതം എന്ന പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തി വന്നിരുന്നത്. 2022-ലാണ് പരാതിക്കാരായ രക്ഷിതാക്കളില്‍നിന്നും പ്രതികള്‍ പണം തട്ടുന്നത്.
ബംഗളുരുവിലെ പ്രമുഖ നഴ്സിങ് കോളജില്‍ അഡ്മിഷന് വാങ്ങി നല്‍കാമെന്നും ഇതിനായി പലിശരഹിതമായി വായ്പ എടുത്തു നല്‍കാമെന്നും രക്ഷിതാക്കളെ പറഞ്ഞു വിശ്വസിപ്പിച്ച ശേഷമായിരുന്നു തട്ടിപ്പ്. ഓരോ വിദ്യാര്‍ഥിയില്‍നിന്നും 25,000 രൂപ പ്രോസസിങ് ഫീസായും പ്രതികള്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ഥികളില്‍നിന്നു വാങ്ങിവച്ചു. അഡ്മിഷനുവേണ്ടിയെന്ന വ്യാജേെന പല രേഖകളിലും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഒപ്പ് വാങ്ങിയശേഷം ഇവരുടെ പേരില്‍ മൂന്നു ലക്ഷം രൂപവീതം വായ്പയെടുക്കുകയായിരുന്നു.
എന്നാല്‍, പണം ഇവര്‍ കോളജുകളില്‍ അടച്ചില്ല. അഡ്മിഷന് നേടിയ വിദ്യാര്‍ഥികള്‍ക്ക് ഒരാഴ്ച മാത്രമാണ് അവിടെ പഠനം നടത്താന്‍ കഴിഞ്ഞത്. കോളജില്‍ ട്രസ്റ്റ് പണം അടയ്ക്കാതെ വന്നതോടെ വിദ്യാര്‍ഥികളെ അധികൃതര്‍ പുറത്താക്കി. രക്ഷിതാക്കള്‍ പ്രതികളുടെ സ്ഥാപനത്തിലെത്തി ബഹളം വച്ചതോടെ സര്‍ട്ടിഫിക്കറ്റുകള്‍ മടക്കി നല്‍കിയെങ്കിലും വിദ്യാര്‍ഥികളുടെ പേരില്‍ ബാങ്കുകളില്‍നിന്നെടുത്ത മൂന്നുലക്ഷം രൂപ വീതമുള്ള വായ്പ ഏജന്‍സി തിരിച്ചടച്ചില്ല. ഇതോടെ വലിയ തുക അടക്കണമെന്ന് കാട്ടി ബാങ്കുകളില്‍നിന്നും രക്ഷിതാക്കള്‍ക്ക് നോട്ടീസ് എത്തിത്തുടങ്ങി. പണം നഷ്ടപ്പെട്ടതിനു പുറമേ ബാങ്കിനെ സമീപിച്ച് മറ്റൊരു വായ്പ എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ തുടര്‍പഠനവും മുടങ്ങി.
ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട ആറു രക്ഷിതാക്കള്‍ തങ്കമണി പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിലാണ് അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരേ സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തങ്കമണി പോലീസ് ഇന്‍സ്പെക്ടര്‍ കെ.എം. സന്തോഷ്, എ.എസ്.ഐ: പി.പി. വിനോദ്, എസ്.സി.പി.ഒ. ജോഷി ജോസഫ്, സി.പി.ഒ: ജിതിന് ഏബ്രഹാം എന്നിവ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായിട്ടാണ് പോലീസ് നല്കുന്ന വിവരം