ന്യൂഡല്‍ഹി: വനിതാ സംവരണം ഉടനടി നടപ്പാക്കണമെന്ന് ഉത്തരവിടാനാകില്ലെന്ന് സുപ്രീം കോടതി. പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും അടുത്ത സെന്‍സസിനെത്തുടര്‍ന്നുള്ള മണ്ഡല പുനര്‍നിര്‍ണയം നടത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്.
ലോക്സഭയിലും നിയമസഭയിലും മൂന്നിലൊന്ന് സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്ത് പാസാക്കിയ നിയമം കാലതാമസം വരുത്തുന്നത് എന്തിനാണെന്നും വരുന്ന തെരഞ്ഞെടുപ്പിന് മുന്‍പാകെ നിയമം പ്രാബല്യത്തില്‍ വരുത്തണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയ ഠാക്കൂര്‍ നല്കിയ ഹര്‍ജിയിലിാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.
വനിതാ സംവരണം നടപ്പാക്കുന്നതിന് സെന്‍സസ് നടത്തേണ്ടതില്ലെന്നാണ് നിങ്ങള്‍ പറയുന്നത്. എന്നാല്‍ നിരവധി പ്രശ്നങ്ങളുണ്ട്. സീറ്റ് സംവരണം ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഇതേ വിഷയത്തില്‍ മറ്റ് ഹര്‍ജികള്‍ക്കൊപ്പം നവംബര്‍ 22ന് ഠാക്കൂറിന്റെ ഹര്‍ജിയും പരിഗണിക്കാമെന്നും കോടതി അറിയിച്ചു.