ആറന്മുള സത്രക്കടവിന് സമീപം രണ്ടാഴ്ചയോളം പഴകിയ മൃതദേഹം കണ്ടെത്തി

ആറന്മുള സത്രക്കടവിന് സമീപം രണ്ടാഴ്ചയോളം പഴകിയ മൃതദേഹം കണ്ടെത്തി
alternatetext

പത്തനംതിട്ട: ആറന്മുള സത്രക്കടവിന് സമീപം രണ്ടാഴ്ചയോളം പഴകിയ മൃതദേഹം കണ്ടെത്തി. 17 ദിവസം മുന്‍പ് കാണാതായ 23 -കാരന്റേതാണ് മൃതദേഹം എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. മലയാലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് യുവാവിനെ കാണാതായത്. മൃതദേഹത്തിലെ വസ്ത്രങ്ങളും വാച്ചും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

പത്തനംതിട്ട വടശേരിക്കര തലച്ചിറ സ്വദേശിയായ സംഗീത് സജിയുടേതാണ് മൃതദേഹമെന്നാണ് സംശയം. ഒക്ടോബര്‍ ഒന്നിന് സുഹൃത്ത് പ്രദീപിനൊപ്പം ഓട്ടോറിക്ഷയില്‍ കയറിപ്പോയ സംഗീത് രാത്രി വൈകിയും തിരികെ വന്നിരുന്നില്ല. പ്രദീപും സംഗീതും വീട്ടുകാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തിരുന്നില്ല. ഇടത്തറയില്‍ സാധനം വാങ്ങാന്‍ ഓട്ടോ നിര്‍ത്തിയിരുന്നെന്നും പിന്നീട് സംഗീതിനെ കണ്ടില്ലെന്നും പ്രദീപ് പൊലീസിന് മൊഴി നല്‍കി. ഇടത്തറക്കടുത്ത് തോട്ടില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്ന പ്രദീപിന്റെ മൊഴി പ്രകാരം പൊലീസ് ഇവിടെ തിരഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല.

പ്രദീപ് മകനെ അപായപ്പെടുത്തിയെന്നാണ് സംഗീതിന്റെ ബന്ധുക്കളുടെ സംശയം. പക്ഷെ സംഗീത് എവിടെ പോയെന്ന് തനിക്ക് അറിയില്ലെന്ന് പ്രദീപ് പറയുന്നത്. ഇന്ന് കണ്ടെത്തിയ മൃതദേഹം സംഗീതിന്റെ തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.