കൊച്ചി:വിവാഹം നിയമപരമായാണോ നടന്നതെന്നെങ്കിലും ഉറപ്പുവരുത്തി വേണം തദ്ദേശ സ്ഥാപനങ്ങള്‍ രജിസ്‌റ്റര്‍ ചെയ്‌തു നല്‍കാനെന്ന് ഹൈകോടതി. തദ്ദേശ സ്ഥാപനങ്ങള്‍ മനസ്സിരുത്താതെയാണ് വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം. ഇതില്‍ സര്‍ക്കാറിന്‍റെ നിലപാട് തേടിയ കോടതി, ഇതുസംബന്ധിച്ച ഹരജി വീണ്ടും സെപ്റ്റംബര്‍ 11ന് പരിഗണിക്കാൻ മാറ്റി.
ക്ഷേത്രത്തില്‍ വെച്ച് വിവാഹം ചെയ്ത ക്രൈസ്തവ സമുദായക്കാരിയായ ഭാര്യയെ വിട്ടുകിട്ടാൻ കോട്ടയം സ്വദേശിയായ ഹിന്ദു യുവാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം. ക്ഷേത്രത്തില്‍ വിവാഹിതരായശേഷം പൊതുവിവാഹ ചട്ടപ്രകാരം വിവാഹം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തെന്നും ഇതിനുശേഷം യുവതിയെ വീട്ടുകാര്‍ കടത്തിക്കൊണ്ടു പോയെന്നുമായിരുന്നു ഹേബിയസ് കോര്‍പസ് ഹരജിയിലെ ആരോപണം.
വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവര്‍ തമ്മില്‍ ഒരു ആരാധനാലയത്തില്‍ നടന്ന വിവാഹം പൊതു വിവാഹ ചട്ട പ്രകാരം രജിസ്റ്റര്‍ ചെയ്യാൻ കഴിയുന്നതെങ്ങനെയെന്ന് കേസ് പരിഗണിക്കവേ കോടതി ആരാഞ്ഞു. വ്യത്യസ്ത മതത്തിലുള്ളവരുടെ വിവാഹം ഈ ചട്ടപ്രകാരമല്ല രജിസ്റ്റര്‍ ചെയ്യേണ്ടത്. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങള്‍ ഇതു നോക്കാതെ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കുകയാണ്.
വിവാഹത്തിന്‍റെ സാധുത നിശ്ചയിക്കാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയില്ലെങ്കിലും കുറഞ്ഞ പക്ഷം നിയമപരമായാണോ വിവാഹമെന്ന് പരിശോധിക്കുകയെങ്കിലും ചെയ്യണം. തുടര്‍ന്നാണ് തദ്ദേശ ഭരണ സെക്രട്ടറിയെ ഹരജിയില്‍ സ്വമേധയാ കക്ഷിചേര്‍ത്ത് സര്‍ക്കാറിന്‍റെ നിലപാട് തേടിയത്.