തിരുവനന്തപുരം: ഭീഷണിപ്പെടുത്തിയും ആരോപണങ്ങള്‍ ഉന്നയിച്ചും കേസെടുത്തും കോണ്‍ഗ്രസിനെ നിശബ്ദമാക്കാമെന്ന് കരുതിയെങ്കില്‍ അത് വ്യാമോഹം മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. പിണറായി സര്‍ക്കാരിന്റെ അഴിമതിക്കും ജനദ്രോഹഭരണത്തിനും എതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മാത്യു കുഴല്‍നാടനെതിരെ സി.പി.എം ഉന്നയിച്ച ആരോപണത്തില്‍ കോണ്‍ഗ്രസിന് ഭയമില്ല. ഏത് അന്വേഷണത്തേയും നേരിടാന്‍ കോണ്‍ഗ്രസ് തയാറാണ്. മടിയില്‍ കനമില്ലെന്ന മുഖ്യമന്ത്രിയുടെ വാചക കസര്‍ത്ത് പോലെ വെറും വാക്കല്ല കോണ്‍ഗ്രസിന്റേത്. മാത്യു കുഴല്‍നാടനെതിരായ ആരോപണത്തെ കോണ്‍ഗ്രസ് രാഷ്ട്രീയമായി നേരിടും. അധികാരം പൊതുസമ്ബത്ത് കൊള്ളയടിക്കാന്‍ മാത്രം വിനിയോഗിക്കുന്ന സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും ശൈലിയല്ല കോണ്‍ഗ്രസിന്.
മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ സ്വജനപക്ഷ നിലപാടുകളെയും നിയമസഭക്ക് അകത്തും പുറത്തും ശക്തമായി തുറന്ന് കാട്ടിയ വ്യക്തിയാണ് മാത്യു. നിയമസഭയില്‍ ചാട്ടുളിപോലുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിപ്പോയ മുഖ്യമന്ത്രി മാത്യുവിനെതിരെ ആക്രോശിച്ചത് നാം കണ്ടതാണ്. പ്രതികാരബുദ്ധിയാണ് സി.പി.എമ്മിനെയും മുഖ്യമന്ത്രിയേയും നയിക്കുന്നത്. അതിന്റെ ഭാഗമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും യു.ഡി.എഫ് ജനപ്രതിനിധികള്‍ക്കും എതിരെ സി.പി.എം ഉന്നയിക്കുന്ന ആരോപണങ്ങള്‍.
മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്ബത്തിക ക്രമക്കേടുകളിലെ നഗ്നമായ സത്യങ്ങള്‍ ഭയരഹിതനായി ഉറക്കെ വിളിച്ച് പറഞ്ഞതിന്റെ പേരില്‍ മാത്യു കുഴല്‍നാടനെ വേട്ടയാടാമെന്ന് സി.പി.എം കരുതണ്ട. സി.പി.എം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാധ്യമങ്ങളെ നേരില്‍ കണ്ട് മാത്യു കുഴല്‍നാടന്‍ മറുപടി പറഞ്ഞിട്ടുണ്ട്. ഇതേ രീതിയില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിയോ കുടുംബമോ തയാറാകുമോയെന്നും സുധാകരൻ ചോദിച്ചു.
മുഖ്യമന്ത്രിയുടെ കുടുംബത്തിന് എതിരെ തുടര്‍ച്ചയായി ഉയരുന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള സി.പി.എം തന്ത്രത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍. രാഷ്ട്രീയ പ്രതിയോഗികളെ അരിഞ്ഞു വീഴ്ത്താന്‍ എന്ത് ഹീനമാര്‍ഗവും സ്വീകരിക്കുക സി.പി.എമ്മിന്റെ ശൈലിയും പാരമ്ബര്യവുമാണ്.
യൂത്ത് കോണ്‍ഗ്രസിന്റെ ചുണക്കുട്ടികളായിരുന്ന ഷുഹൈബിനെയും ശരത്‌ലാലിനെയും കൃപേഷിനേയും പാര്‍ട്ടി വിട്ടതിന്റെ പേരില്‍ ടി.പി.ചന്ദ്രശേഖരനെയും മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയവരാണ് സി.പി.എമ്മുകാര്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഇല്ലാത്ത ആരോപണങ്ങളുടെ പേരില്‍ ക്രൂശിച്ചതും വ്യക്തിഹത്യ നടത്തിയതും ആക്രമിച്ചതും ചെയ്തതും കേരളം മറന്നിട്ടില്ല.
തന്റേടവും ആര്‍ജ്ജവും ധാര്‍മിക മൂല്യവും ഉണ്ടെങ്കില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും സി.പി.എം നേതാക്കള്‍ക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണം. കുടുംബത്തിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ അഗ്നിശുദ്ധി വരുത്തേണ്ട ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. അതല്ലാതെ ന്യായീകരണത്തൊഴിലാളികളെ വച്ച് കവചം തീര്‍ക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണെന്നും സുധാകരന്‍ പറഞ്ഞു.