കലാഭവന്‍മണി സ്മാരക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബറില്‍ തുടങ്ങിയേക്കുമെന്ന് സൂചന നല്കി കേരള ഫോക് ലോര്‍ അക്കാദമി.സ്മാരക നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് ആരാധക കൂട്ടായ്മയായ ”കലാഭവന്‍മണി സ്നേഹസമിതി” സാംസ്ക്കാരിക മന്ത്രി സജി ചെറിയാനും, നഗരസഭ ചെയര്മാന്.എ ബി ജോര്‍ജ്ജിനും, സനീഷ് കുമാര്‍ ജോസഫ് MLA യ്ക്കും, നിവേദനങ്ങള്‍ നല്‍കിയിരുന്നു.
അനശ്വര നടന് കലാഭവന്‍മണിയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മനാടായ ചാലക്കുടിയില്‍ സ്മാരകം നിര്‍മ്മിക്കുമെന്ന കേരള സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍, ആരാധകര്‍ക്ക് നേരിയ പ്രതീക്ഷ നല്കുന്ന തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് ”കലാഭവന്‍മണി സ്നേഹസമിതി” വിലയിരുത്തി.
കലാഭവന്‍മണിയുടെ വിയോഗത്തിന് ശേഷം ഏഴുവര്‍ഷങ്ങളായിട്ടും ഒരു പ്രഖ്യാപനമായി തന്നെ തുടരുകയായിരുന്ന സ്മാരക നിര്‍മ്മാണത്തിന്റെ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ”കലാഭവന്‍മണി സ്നേഹസമിതി” ഭാരവാഹികള്‍ ചാലക്കുടി നഗരസഭ ചെയര്‍മാനുമായും, പ്രതിപക്ഷ നേതാവുമായും, മന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിര്‍മ്മാണ ചുമതലയുള്ള ഫോക്_ലോര്‍ അക്കാദമിയുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് , ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയതായി സെക്രട്ടറി എ.വി.അജയകുമാര്‍ സ്നേഹസമിതിയെ അറിയിക്കുകയായിരുന്നു.
സിനിമാ താരവും, നാടന്‍പാട്ട് കലാകാരനുമായിരുന്ന കലാഭവന്‍മണിയുടെ സ്മാരകം, കേരള ഫോക്ലോര് അക്കാദമിയുടെ ഉപകേന്ദ്രമായി ആണ് പ്രവര്‍ത്തിക്കുക. മൂന്നു നിലകളിലായി വിവിധ കലാകേന്ദ്രങ്ങളും, മിനി തിയറ്ററും അടങ്ങുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതലകള്‍ ഫോക്ലോര് അക്കാദമിക്കാണ്. ദേശീയപാതയോരത്തെ വിദ്യാഭ്യാസ വകുപ്പിന്റെ 20 സെന്റ് സ്ഥലമാണ് ഇതിനായി കണ്ടെത്തിയത്. സ്ഥലം സന്ദര്‍ശിച്ച വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം,15 സെന്റ് കൂടി ചാലക്കുടി നഗരസഭ കണ്ടെത്തി പാര്‍ക്കിംഗിനും മറ്റുമായി നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് ടെന്‍ഡര്‍ നടപടികളിലേക്ക് എത്തിയത്.
വിശദമായ പദ്ധതിരേഖ തയ്യാറാക്കല്‍, സിവില്‍, ഇന്റീരിയര്‍, ഇലക്ട്രിക്കല്‍, എയര്‍ കണ്ടീഷനിംഗ് തുടങ്ങിയ എല്ലാ നിര്‍മ്മാണ പ്രവര്ത്തനങ്ങളിലേക്കുമായാണ് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളത്. ആഗസ്ത് 7 ന് വൈകിട്ട് 4മണി വരെ സമര്‍പ്പിക്കുന്ന ടെന്‍ഡറുകള്‍, ആഗസ്ത് 9 ന് ഉച്ചയ്ക്ക് ശേഷമാണ് തുറന്ന് പരിശോധിക്കുക എന്നും ഫോക്_ലോര്‍ അക്കാദമി അറിയിച്ചു.
കലാഭവന്‍മണി സ്മാരക നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ആരാധകര്‍ക്കുണ്ടായിരുന്ന വലിയ ആശങ്കള്‍ക്ക് , ഇതോടെ കുറച്ച് പരിഹാരം ഉണ്ടായിരിക്കുകയാണ്. എങ്കിലും തുടര്‍ന്നും പദ്ധതികള്‍ക്ക് കാലതാമസം വന്നാല്‍, ശക്തമായ പ്രതിഷേധങ്ങള്‍ നടത്താനാണ് ”കലാഭവന്‍മണി സ്നേഹസമിതി” യുടെ തീരുമാനം. ഓണ്‍ലൈനായി സംഘടിപ്പിച്ച യോഗത്തില്‍ കണ്‍വീനര്‍ സനോഷ് വഴീപ്പടി അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കണ്‍വീനര്‍ ഷാജിമാത്യു, അംഗങ്ങളായ കെ.സുതന്, ദാസ് ഗുരുവായൂര്‍, സജിത് തുറവൂര്‍, പ്രസന്നന് അരൂര്‍, സുനില്‍ രാജന്, സതീഷ് നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു.