ബൈക്ക് മോഷണം: പ്രതി മണിക്കൂറിനുള്ളിൽ പിടിയിൽ

ബൈക്ക് മോഷണം: പ്രതി മണിക്കൂറിനുള്ളിൽ പിടിയിൽ
alternatetext

അടൂർ റവന്യു ടവർ പരിസരത്തുനിന്നും മോഷ്ടിച്ച ബൈക്കുമായി കടന്ന പ്രതിയെ ഒരു മണിക്കൂറിനുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ കോടതിയിലെ അഭിഭാഷകനായ പതിനാലാം മൈൽ സ്വദേശി അശോക് കുമാറിന്റെ ഉടമസ്ഥയിലുള്ള ഹീറോഹോണ്ട സി ഡി ഡീലക്സ് മോട്ടോർ സൈക്കിൾ മോഷ്ടിച്ച പ്രതി പെരിങ്ങനാട് മിത്രപുരം ഉദയഗിരി സന്തോഷ് ഭവനം വീട്ടിൽ സാഗറിന്റെ മകൻ സന്തോഷ് (42) ആണ് അടൂർ പോലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിൽ ഉടനടി കുടുങ്ങിയത്.

റവന്യു ടവർ പരിസരത്തെ അഡ്വക്കേറ്റ്സ് ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനം തിങ്കളാഴ്ച്ച ഉച്ചയോടെ മോഷ്ടാവ് കടത്തികൊണ്ട് പോകുകയായിരുന്നു. പോലീസിൽ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, ടൗണിലും പരിസര പ്രദേശങ്ങളിലും ഉടനെതന്നെ വ്യാപകമായി തിരച്ചിൽ നടത്തി. തുടർന്ന്, അടൂർ വൈറ്റ് പോർട്ടിക്കോ ഹോട്ടലിന് പിൻവശമുള്ള വഴിയിൽ നിന്ന് പ്രതിയെ വാഹനമുൾപ്പെടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതി നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.
അടൂർ, പന്തളം, ഹരിപ്പാട്, ചിറ്റാർ, പത്തനംതിട്ട, ആറന്മുള, പുനലൂർ, പോലീസ് സ്റ്റേഷനുകളിൽ പതിനഞ്ചോളം മോഷണ കേസുകൾ ഇയാളുടെ പേരിലുണ്ട്. ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കുന്നതിൽ തല്പരനാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.

അടൂർ ഡി വൈ എസ് പിയുടെ നിർദ്ദേശപ്രകാരം അടൂർ പോലീസ് ഇൻസ്‌പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ എം മനീഷ് സി പി ഓമാരായ സൂരജ് ആർകുറുപ്പ്, അരുൺ ലാൽ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനും, തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു