പത്തനംതിട്ട : മത്സ്യസ്റ്റാളിൽ സൂക്ഷിച്ച ഒന്നേകാൽ ലക്ഷത്തോളം വിലവരുന്ന മത്സ്യം മോഷ്ടിച്ച് കടത്തിയ കേസിൽ 3 പേർ അറസ്റ്റിൽ. അടൂർ തട്ട റോഡിൽ മുൻസിപ്പാലിറ്റി വക മാർക്കറ്റിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കണ്ണങ്കോട് കൊച്ചയ്യത്ത് നസറുദ്ദീൻ റാവുത്തരുടെ സെൻട്രൽ ഫിഷ് സ്റ്റാളിൽ നിന്നാണ് വിവിധ ഇനത്തിലുള്ള മത്സ്യം മോഷ്ടിച്ചത്. അടൂർ പന്നിവിഴ പുലികണ്ണാൽ വീട്ടിൽ രമേശന്റെ മകൻ ശ്രീജിത്ത്( 40), അടൂർ കണ്ണംകോട് ചാവടി തെക്കേതിൽ വീട്ടിൽ കുട്ടന്റെ മകൻ മണി എന്നു വിളിക്കുന്ന അനിൽകുമാർ (43),പന്നിവിഴ മംഗലത്ത് വീട്ടിൽ കൃഷ്ണന്റെ മകൻ വിഷ്ണു (29) എന്നിവരാണ് അടൂർ പൊലീസിന്റെ പിടിയിലായത്.
നസറുദ്ദീൻ വാടകക്ക് കടമുറി എടുത്ത് വർഷങ്ങളായി പച്ചമീൻ കച്ചവടം നടത്തി വരികയാണ്. ഈ മാസം 12 ന് പുലർച്ചെയാണ് മോഷണം നടന്നത്. പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന്, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. സമീപത്തെവ്യാപാരസ്ഥാപങ്ങളിലെയും, വീടുകളിലെയും സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചതിനെ തുടർന്ന് മത്സ്യം കടത്തിയ ഓട്ടോറിക്ഷ തിരിച്ചറിഞ്ഞു. തുടർന്ന് ശ്രീജിത്തിനെയും, അനിലിനെയും കസ്റ്റഡിയിലെടുത്തു. ഇതറിഞ്ഞ്, സ്ഥലം വിട്ട വിഷ്ണുവിനെ ഇന്നലെ രാത്രിയോടെ ഇളമണ്ണൂരിൽ നിന്നും പിടികൂടി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
ശ്രീജിത്തും, അനിലും അടൂർ പോലീസ് സ്റ്റേഷനിലെ നിരവധി കേസുകളിൽ പ്രതികളാണ്. അടൂർ ഡി വൈ എസ് പി ആർ ജയരാജിന്റെ നിർദ്ദേശപ്രകാരം, അടൂർ പോലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ അടൂർ എസ് ഐ എം മനീഷ്, സി പി ഒമാരായ സൂരജ് ആർ കുറുപ്പ്, ശ്യാം കുമാർ, അനസ് അലി എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടൂടിയത്. വിശദമായ ചോദ്യം ചെയ്യലിനും, തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഓട്ടോറിക്ഷ പോലീസ് പിടിച്ചെടുത്ത് കോടതിക്ക് കൈമാറി