ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരിച്ചു; രാജീവ് ചന്ദ്രശേഖരനെതിരെ പരാതി

alternatetext

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി.

കെപിസിസി മീഡിയ പാനലിസ്റ്റും അഭിഭാഷകനുമായ വിആര്‍ അനൂപ് ആണ് പരാതിക്കാരന്‍. ഹൈക്കോടതി ഉത്തരവ് ലംഘിച്ച്‌ രാജീവ് ചന്ദ്രശേഖര്‍ വീഡിയോ ചിത്രീകരിച്ചു പ്രചരിപ്പിച്ചു എന്നാണ് പരാതി. ഗുരുവായൂര്‍ ടെമ്ബിള്‍ പൊലീസിലാണ് പരാതി നല്‍കിയത്.

നടപ്പന്തലിലും ദീപസ്തംഭത്തിനും മുന്നില്‍ നിന്നുള്ള വീഡിയോ ചിത്രീകരിച്ച്‌ രാജീവ് ചന്ദ്രശേഖര്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പരാതി. നിലവില്‍ വിവാഹങ്ങള്‍ക്കും ആചാരപരമായ കാര്യങ്ങള്‍ക്കും മാത്രമേ നടപ്പന്തലില്‍ വീഡിയോ ചിത്രീകരണത്തിന് അനുവാദമുള്ളൂ.

അതേസമയം വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അന്വേഷിക്കട്ടെയെന്നുമാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ പ്രതികരണം. ഇത് ലംഘിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വീഡിയോ ചിത്രീകരണം. ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് മാധ്യമങ്ങള്‍ക്കും റീല്‍സ് ചിത്രീകരണത്തിനും ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

നേരത്തെ സമാനമായ പരാതിയില്‍ ചിത്രകാരി ജസ്ന സലീമിനെതിരേയും പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തിരുന്നു. ക്ഷേത്രനടപ്പുരയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച്‌ വീഡിയോ എടുത്ത് പ്രചരിപ്പിച്ചു എന്നായിരുന്നു ജസ്‌നയ്‌ക്കെതിരായ പരാതി.